കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ അവസാന സന്ദേശം കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പറുകളാണ് ഇരുവര്‍ക്കും നവീന്‍ ബാബു അയച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.58നാണ് സന്ദേശമയച്ചത്.
എന്നാല്‍ നവീന്‍ ബാബുവിന്റെ മരണ വിവരം പുറത്ത് വന്നതിന് ശേഷമാണ് ഇരുവരും സന്ദേശം കാണുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണസമയം ഏകദേശം 4.30നും 5.30നുമിടയിലാണെന്ന് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണത്തിന് തൊട്ടുമുമ്പുള്ള സന്ദേശമായിരിക്കുമിതെന്നാണ് നിഗമനം.
അതേസമയം മരണം സംഭവിച്ച് ഒരാഴ്ച പിന്നിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്ന് വിമർശനമുണ്ട്. അതുകൊണ്ട് തന്നെ മരണസമയത്തെക്കുറിച്ച് സൂചനകള്‍ മാത്രമേയുള്ളു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കോടതി വഴി ലഭിക്കുമെന്നുള്ള വിവരമാണ് ലഭിച്ചതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും നവീന്‍ ബാബുവിന്റെ ഫോണ്‍ ലൊക്കേഷനും പരിശോധിച്ചിരുന്നെങ്കിലും റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി പരിശോധിച്ചിട്ടില്ല.
നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ കണ്ടെത്തിയിട്ടുണ്ട്. ഫയല്‍ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പി പി ദിവ്യ മൊഴി നല്‍കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും.