പത്തനംതിട്ട: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലേക്ക് സ്ഥലംമാറ്റം. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. കോന്നി തഹസില്‍ദാര്‍ ആയിരുന്ന മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലേക്കാണ് മാറ്റം നല്‍കിയത്. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നല്‍കിയത്. നിലവില്‍ മഞ്ജുഷ അവധിയില്‍ തുടരുകയാണ്.
അതേസമയം, നവീന്‍ ബാബുവിനെതിരെയുണ്ടായ കൈക്കൂലി ആരോപണത്തില്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ അന്വേഷണം പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടിഒ മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.