എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത്. തൂങ്ങി മരണം തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണുകള്‍ അടഞ്ഞ് കിടക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കുണ്ടായിരുന്നില്ലെന്നും ചുണ്ടും വിരലിലെ നഖങ്ങളും നീലിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല്ലുകള്‍ക്കും മോണകള്‍ക്കും കേടില്ലായിരുന്നെന്നും നാവ് കടിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശരീരം അഴുകിയിരുന്നില്ലെന്നും വയറും മൂത്രാശയവും ശൂന്യമായിരുന്നെന്നും റിപ്പേര്‍ട്ട്. സുഷുമ്‌നാ നാഡിക്കും പരിക്കില്ലെന്നും പറയുന്നു. മൃതദേഹം തണുത്ത അറയില്‍ സൂക്ഷിച്ചിരുന്നില്ല.
0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലര്‍ന്ന പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയിട്ടിരുന്നതായും കയറിന്റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമാണുണ്ടായിരുന്നെന്നും 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നെന്നും ഇതില്‍ പറയുന്നു. കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്തിന് 22 സെ.മീ നീളമുണ്ടെന്നും പറയുന്നു.
പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്കും തരുണാസ്ഥിക്കും കശേരുക്കള്‍ക്കും തലയോട്ടിക്കും പരിക്കില്ലെന്നും വാരിയെല്ലുകള്‍ക്ക് ക്ഷതമോ ശരീരത്തില്‍ മറ്റു മുറിവുകളോയില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നനാളവും സാധാരണ നിലയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്കായി ശേഖരിച്ചോ എന്നത് സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.