കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എഡിഎമ്മന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ മരണശേഷം അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകള്‍ കുടുംബം അക്കമിട്ട് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്നും കേസ് ഡയറി ഹാജരാക്കാനും എസ്ഐടിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പത്ത് ദിവസമാണ് ഇതിന് കോടതി അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ ആറിന് ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാനിരിക്കുകയാണ്.