റാവല്‍പിണ്ടി: പാകിസ്താനിലെ തെരഞ്ഞെടുപ്പിനെയും നീതിന്യായ നടപടിക്രമങ്ങളെയും പാക് ചാരസംഘടനയായ ഐഎസ്‌ഐ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ഇസ്്‌ലാമാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷൗക്കത്ത് സിദ്ധീഖി ആരോപിച്ചു. വ്യത്യസ്ത കേസുകളില്‍ അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീംകോടതി ജഡ്ജിയെയും മറ്റു ജഡ്ജിമാരെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഐഎസ്‌ഐ എന്നും റാവല്‍പിണ്ടി ബാര്‍ അസോസിയേഷനില്‍ സംസാരിക്കവെ സിദ്ധീഖി ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഷരീഫിനെയും മകള്‍ മര്‍യമിനെയും ജയിലില്‍ കിടത്താനാണ് ചാരസംഘടനയുടെ പരിപാടിയെന്നും അദ്ദേഹം കുറ്റപ്പടെുത്തി. കോടതികളും മാധ്യമങ്ങളും തോക്കുധാരികളുടെ നിയന്ത്രണത്തിലാണെന്ന് സൈന്യത്തെ സൂചിപ്പിച്ചുകൊണ്ട് സിദ്ധീഖി പറഞ്ഞു. കോടതികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. സമ്മര്‍ദ്ദങ്ങളും സ്ഥാപിത താല്‍പര്യങ്ങളും കാരണം മാധ്യമങ്ങള്‍ സത്യം പറയുന്നില്ല. അനുകൂല വിധികള്‍ വാങ്ങുന്നതിന് ഐഎസ്‌ഐ സ്വന്തം നിലയില്‍ ബഞ്ചുകള്‍ രൂപീകരിക്കുന്നു. ഷരീഫിന്റെയും മകളുടെയും അപ്പീലുകള്‍ തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാനായി ബഞ്ച് മാറ്റിവെച്ചിട്ടുണ്ട്. സഹകരിച്ചാല്‍ തനിക്കെതിരെയുള്ള ഒരു പരാമര്‍ശം പിന്‍വലിക്കാമെന്ന് ഐഎസ്‌ഐ തന്നോട് പറഞ്ഞിരുന്നു. അതിലും ഭേദം മരണമാണെന്നും സിദ്ധീഖി വ്യക്തമാക്കി. ഷരീഫിന്റെ പാര്‍ട്ടിയെ അനുകൂലിച്ചം ഐഎസ്‌ഐയെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഐഎസ്‌ഐക്കെതിരെ മുദ്രാവാക്യങ്ങളുമായി റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ റാലി നടത്തി. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പി.എം.എല്‍(എന്‍) പ്രവര്‍ത്തകരാണ് റാലി നടത്തിയത്. സൈന്യത്തിനെതിരെയും ജനം മുദ്രാവാക്യമുയര്‍ത്തി. രാഷ്ട്രഭീകരതക്ക് പിന്നില്‍ സൈന്യമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.