ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ഉറവിടം പാകിസ്താനിലാണെന്ന് സ്ഥിരീകരിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇത്രകാലവും അവകാശപ്പെട്ടിരുന്ന പാക് ഭരണകൂടത്തെ വെട്ടിലാക്കുന്നതാണ് ഡോണ്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ നവാസ് ഷരീഫിന്റെ വിവാദ വെളിപ്പെടുത്തല്‍. രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അതിര്‍ത്തി കടന്നു നടത്തിയതാണെന്ന് നവാസ് ഷരീഫ് പറഞ്ഞത്.
”ഒമ്പതു വര്‍ഷം കഴിഞ്ഞു. എന്തുകൊണ്ട് നമുക്ക് ആ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തീവ്രവാദ സംഘടനകള്‍ സജീവമാണ്. രാഷ്ട്ര വിരുദ്ധ ശക്തികള്‍ എന്ന് വിളിക്കുന്ന അവരെ അതിര്‍ത്തി കടന്ന് മുംബൈയില്‍ 150ലധികം പേരെ കൊലപ്പെടുത്താന്‍ അനുവദിക്കണമായിരുന്നുവോ? എന്തുകൊണ്ടാണ് ഇത്ര കാലമായിട്ടും വിചാരണ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയാത്തത്? – നവാസ് ഷരീഫ് പറഞ്ഞു.
അഴിമതി ആരോപണങ്ങളെതുടര്‍ന്ന് പ്രധാനമന്ത്രി പദം ഒഴിഞ്ഞ നവാസ് ഷരീഫ് വീണ്ടും പാക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ റാലികളില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ നവാസ് ഷരീഫുമായുള്ള ഡോണിന്റെ അഭിമുഖം.2008 നവംബര്‍ 26നായിരുന്നു ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ നടുക്കിയ ഭീകരാക്രമണം. കറാച്ചിയില്‍നിന്ന് കടല്‍മാര്‍ഗമെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നായിരുന്നു വിവരം. 166 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്റെ നിലപാട് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് കാരണായിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സഈദിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു. റാവല്‍പിണ്ടിയിലെ പ്രത്യേക കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ ഒമ്പതു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെ 2014ല്‍ ഹാഫിസ് സഈദിന്റെ സംഘടനയെ യു.എസ് വിദേശ തീവ്രവാദ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും മുംബൈ ആക്രമണത്തിലെ പങ്ക് സ്ഥിരീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെ കൂട്ടാക്കിയിരുന്നില്ല. നവാസ് ഷരീഫിന്റെ വെളിപ്പെടുത്തലോടെ രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായേക്കും.
അന്താരാഷ്ട്ര വേദികളില്‍ പാകിസ്താന്‍ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുകയാണെന്നും അഭിമുഖത്തില്‍ നവാസ് ഷരീഫ് ഏറ്റു പറയുന്നുണ്ട്. ”നമ്മള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. എന്നാല്‍ നമ്മള്‍ പറയുന്നതൊന്നും ആരും വിശ്വസിക്കുന്നില്ല. അഫ്ഗാനിസ്താന്‍ പറയുന്നതിനിടെയാണ് കണക്കിലെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ നമ്മള്‍ കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുകയാണ്” – പാക് സര്‍ക്കാറിന്റെ വിദേശ നയങ്ങളെ നേരിട്ട് വിമര്‍ശിക്കാതെ നവാസ് ഷരീഫ് പറഞ്ഞു.
2013 മുതല്‍ 2017 വരെയുള്ള തന്റെ കാലത്ത് രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നുവെന്ന വിമര്‍ശനങ്ങളെയും നവാസ് ഷരീഫ് തള്ളിക്കളഞ്ഞു. അടിസ്ഥാനപരമായ പുരോഗതി പാകിസ്താന്‍ കൈവരിച്ചു. എല്ലാ മേഖലകളിലും ഘടനാപരമായ പുരോഗതിയുണ്ടായി. വ്യവസ്ഥാപിത വളര്‍ച്ച രേഖപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യ വര്‍ഷം മുതല്‍ അസ്ഥിരതാഭീഷണി നേരിടുന്ന ഒരു ഭരണകൂടത്തിന് ഇതില്‍ കൂടുതല്‍ എങ്ങനെ വികസനങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം ചോദിച്ചു. മൂന്നു തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് മൂന്നു തവണയും കാലാവധി പൂര്‍ത്തിയാക്കും മുമ്പെ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.