അധികാരത്തിനുവേണ്ടി ജനങ്ങളെ പ്രത്യേകിച്ച് മതവിശ്വാസികളെ തമ്മിലടിപ്പിച്ച് രക്തമൊഴുക്കുന്ന പതിവ് ലോകത്ത് പുതിയതല്ല. നവനാസികള്‍ക്ക് പഞ്ഞമില്ലാത്ത അവസ്ഥ. യൂറോപ്പിലെ സ്വീഡനിലാണിപ്പോള്‍ മതത്തിന്റെ പേരില്‍ മറ്റൊരുവന്‍ നവനാസിസവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്-പേര് റാസ്മുസ് പലൂഡാന്‍. നാല്‍പത് വയസ്സേ ആയിട്ടുള്ളൂ കക്ഷിക്ക്. വരുന്നസെപ്തംബറില്‍ സ്വീഡനില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രിസ്തീയ വിശ്വാസികളെയും മറ്റും ഇസ്‌ലാമിനെതിരെ ഇളക്കിവിട്ട് വോട്ടു പിടിക്കലാണ് ടിയാന്റെ ഉന്നം. ഇതോടെ പൊറുതിമുട്ടിയിരിക്കുന്നത് രാജ്യത്തെ മുസ്്‌ലിംകള്‍ മാത്രമല്ല, സ്വീഡിഷ് പൊലീസും ഭരണകൂടവും തന്നെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ഏറ്റുമുട്ടലിനും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. ആഫ്രിക്കയില്‍നിന്നും അറേബ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയുകയാണ് പലൂഡാന്റെ ലക്ഷ്യം. ഇതിനായി ഇയാള്‍ ഹാര്‍ഡ്‌ലൈന്‍ അഥവാ തീവ്രവാദം എന്നര്‍ത്ഥം വരുന്ന ‘സ്ട്രാം കുര്‍സ്’ എന്നൊരു സംഘടനയും ഉണ്ടാക്കിയിട്ടുണ്ട്.
റാസ്മുസ് പലൂഡാനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ടിയാന്‍ കഴിഞ്ഞ കാലങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഇസ്്‌ലാം വിരുദ്ധ വംശീയ പ്രഭാഷണങ്ങള്‍ കേട്ടാല്‍മതി. മുസ്്‌ലിംകള്‍ക്കെതിരെ മാത്രമല്ല, കറുത്തവര്‍ഗക്കാരെയും കണ്ണില്‍കണ്ടുകൂടാ ഈ നവഫാസിസ്റ്റിന്. പഴയ ഹിറ്റ്‌ലര്‍ ആവാഹിച്ചതാണ് പലൂഡാനിലെന്ന് ഇയാളുടെ വാക്കുകള്‍ കേട്ടാല്‍ തോന്നും. 2019ല്‍ സ്വീഡന്റെ തൊട്ടയല്‍ രാജ്യമായ ഡെന്‍മാര്‍ക്കില്‍ തിരഞ്ഞെടുപ്പില്‍ സ്വന്തംസംഘടനയുടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പച്ച തൊട്ടില്ല. മൂന്നു ശതമാനം വോട്ടാണ് ആകെ കിട്ടിയത്. ഇരട്ട പൗരത്വമുള്ളതിനാലാണ് സ്വീഡനിലേക്ക് ഇത്തവണ ഈ അഭിഭാഷകനായ വര്‍ഗീയവാദി വെച്ചുപിടിച്ചിരിക്കുന്നത്. പിതാവ് മുമ്പ് ഇവിടത്തുകാരനായതിനാല്‍ ഇടക്കിടെ വരാറുണ്ടായിരുന്നു. അതുവെച്ചാണ് പൗരത്വം ഒപ്പിച്ചത്. കോവിഡ് കത്തിനില്‍ക്കുന്ന കാലത്തുപോലും ഇസ്‌ലാമോഫോബിയയുമായി വംശീയവാദികളെക്കൂട്ടി ഖുര്‍ആന്‍ കത്തിക്കുന്ന പണി തുടര്‍ന്നയാളാണ് പലൂഡാന്‍. യൂറോപ്പിലെ പലനാടുകളിലും ഓടിനടന്ന് ഖുര്‍ആന്‍ അഗ്നിക്കിരയാക്കലായിരുന്നു പ്രധാനപണി. ഇതോടെ പലേടത്തും കലാപവും പൊട്ടിപ്പുറപ്പെട്ടു. വിലക്കും അറസ്റ്റും നേരിട്ടു. സ്വീഡനിലും ബെല്‍ജിയത്തിലും ഫ്രാന്‍സിലും പ്രവേശന വിലക്കും നേരിടേണ്ടിവന്നു.
ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജീവിക്കാനായി കുടിയേറിവരുന്ന പാവങ്ങളെ സ്വീകരിക്കാനാവില്ലെന്ന തീവ്രവംശീയ ചിന്താഗതി വളരുകയാണ്. ജനസംഖ്യവര്‍ധിച്ചാല്‍ നിലവിലെ ആഢംബരമെല്ലാം കുറയുമെന്നാണിക്കൂട്ടരുടെ ഭീതിയത്രെ. അതിനെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയാണ് പലൂഡാന്‍. ജര്‍മന്‍കാരുടെ ദുരിതത്തിന് കാരണം ജൂതന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണല്ലോ ഹിറ്റ്‌ലര്‍ തന്റെ ഇംഗിതം നടപ്പാക്കിയത്. കുടിയേറ്റ വിരുദ്ധതയെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടുകയാണ് പക്ഷേ യൂറോപ്പിലെ പുതിയ നാസിസ്റ്റായ പലൂഡാന്‍. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കയിലുണ്ടായ ഫാസിസ്റ്റ് സംഘടന ക്ലൂ-ക്ലക്‌സ് ക്ലാനിനെയാണ് ഹാര്‍ഡ്‌ലൈന്‍ പാര്‍ട്ടി അനുസ്മരിപ്പിക്കുന്നത്. ഏതായാലും ഖുര്‍ആന്‍ കത്തിക്കലിലെയും പ്രവാചക കാര്‍ട്ടൂണിലെയും മറ്റും തിക്തഫലം ഏറെ അനുഭവിച്ചതിനാല്‍ യൂറോപ്യന്‍ ഭരണകൂടങ്ങള്‍ പലൂഡാനെ അടുപ്പിക്കുന്ന മട്ടില്ല. ‘അയാളൊരു വിഡ്ഢിയാണ്’ എന്നാണ് സ്വീഡിഷ് മന്ത്രി വിശേഷിപ്പിച്ചത്. സ്വവര്‍ഗ പ്രണയത്തിനും ടിയാനെതിരെ പരാതികളുണ്ട്. കാഴ്ചയിലാകട്ടെ മുന്‍ യു.എസ് പ്രസിഡന്റ് ട്രംപിനെപോലെയും. നിയമം പഠിച്ച കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ 2015-18 കാലത്ത് അധ്യാപകനായിരുന്നിട്ടുണ്ട്. 2017ലാണ് സ്ട്രാം കുര്‍സ് രൂപീകരിച്ചത്. റാസ്മുസ് പലൂഡാന്‍ പക്ഷേ സ്വയമൊരു കുടിയേറ്റ കുടുംബത്തിലെ അംഗമാണെന്നതാണ് കൗതുകകരം. പിതാവ് സ്വീഡനില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് കുടിയേറിയയാളാണ്. അവിടെ ന്യൂ സീലാന്‍ഡില്‍ 1982ലാണ് പലൂഡാന്റെ ജനനം. ഒരപകടത്തില്‍ ക്ഷതമേറ്റ തലച്ചോറും വെച്ചാണീ വര്‍ഗീയക്കളിയെല്ലാം!