X
    Categories: Newsworld

നാവല്‍നിയുടെ തടവ് ഒമ്പത് വര്‍ഷം നീട്ടി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലെക്‌സി നാവല്‍നിക്ക് ഒമ്പത് വര്‍ഷം തടവ് വിധിച്ച് കോടതി. കോടതിയലക്ഷ്യ, സാമ്പത്തിക തട്ടിപ്പു കേസുകളില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ തടവില്‍ കഴിയുന്ന നാവല്‍നി തന്റെ രാഷ്ട്രീയ സംഘടനക്ക് സംഭാവനയായി ലഭിച്ച ദശലക്ഷണക്കണക്കിന് ഡോളര്‍ വ്യക്തിപരമായ ആവശ്യത്തിന് ദുരുപയോഗം ചെയ്തുവെന്നാണ് ഒരു കേസ്. പണാപഹരണ കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ജഡ്ജി മാര്‍ഗരിത കൊടോവ പറഞ്ഞു. കോടതിയില്‍ ജഡ്ജി വിധി വായിക്കുന്നത് പുഞ്ചിരിയോടെയാണ് നാവല്‍നി കേട്ടത്. മോസ്‌കോക്ക് പുറത്ത് ഒന്നര വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജയിലില്‍ തന്നെയായിരുന്നു വിചാരണ.

2020ല്‍ മാരകമായ നവിചോക്ക് നല്‍കി നാവല്‍നിയെ വധിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ വിദഗ്ധ ചികിത്സക്കു ശേഷം റഷ്യയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ഭരണകൂടം വീണ്ടും ജയിലിലടച്ചു.
നാവല്‍നിയുടെ രാഷ്ട്രീയ സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരവധി സഹായികള്‍ നിയമനടപടി ഭയന്ന് റഷ്യ വിട്ടിരിക്കുകയാണ്.

നാവല്‍നിക്ക് വിഷം നല്‍കിയത് റഷ്യന്‍ ഭരണകൂടമാണെന്ന് ആരോപണമുണ്ട്. പുതിയ കോടതി വിധിക്കെതിരെ നാവല്‍നിക്ക് അപ്പീല്‍ നല്‍കാം. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് റഷ്യന്‍ പ്രതിപക്ഷം ആരോപിച്ചു.

Test User: