X

പ്രതിച്ഛായ നന്നാക്കാൻ ശ്രമിച്ചു ,ഉള്ളതും പോയി ;നവകേരള സദസ്സിനെതിരെ ജനരോഷം കനത്തു

കെ.പി. ജലീൽ

ദുർഭരണവും ഭരണസ്തംഭനവും കൊണ്ട് വഴിമുട്ടിയ സംസ്ഥാന സർക്കാരിന്റെ മുഖച്ഛായ നന്നാക്കുന്നതിനായി മുഖ്യമന്ത്രിയും പരിവാരവും ആവിഷ്കരിച്ച നവകേരള സദസ്സ് തുടക്കം മുതൽ തന്നെ പാളി.ഭരണകക്ഷിക്കാർ തന്നെ പരിപാടിയെ സ്വയം അപഹാസ്യമാക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെ ഉയർത്തി വിട്ട കോലാഹലങ്ങൾ പരിപാടിയെ സ്വയം പരിഹാസ്യമാക്കി . പിഞ്ചുവിദ്യാർത്ഥികളെ തെരുവിൽ വെയിലിൽ നിർത്തിയും വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയും നവ കേരള സദസ്സ് കൊഴുപ്പിക്കാൻ നടത്തിയ ശ്രമം തിരിച്ചടിച്ചു .കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐക്കാർ നടത്തിയ ആക്രമണവും അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും പരിപാടിയെ കൂടുതൽഅവതാളത്തിലാക്കി. പൊതുജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുകയാണ് ഒന്നരമണിക്കൂർ മാത്രം ഉള്ള പരിപാടിയിൽ നടക്കുന്നത് .എന്നാൽ ഇത് വില്ലേജ് ഓഫീസുകളിലോ പഞ്ചായത്തുകൾ മുഖേനയോ സ്വീകരിക്കാവുന്ന പരാതികൾ മാത്രമാണ് എന്നാണ് പ്രതിപക്ഷം പറയുന്നത് . ആകെ നടക്കുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിരുന്നുകളും . ഖജനാവിൽനിന്ന് കോടികൾ ചെലവാക്കി നടത്താൻ ഈ സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിനെങ്ങനെ കഴിഞ്ഞുവെന്ന് ജനം ചോദിക്കുന്നു.
വിവിധ നികുതിനിരക്കുകളുടെ വർദ്ധനവും വൈദ്യുതി ,വെള്ളം കരം വർധിപ്പിച്ചതും മറ്റും കൊണ്ട് ദുരിതത്തിൽ ആയ സാധാരണക്കാരെ വീണ്ടും പ്രയാസത്തിലാക്കുകയാണ് ഫലത്തിൽ സാധിച്ചത് .രണ്ട് ജില്ലകൾ പിന്നിട്ടപ്പോൾ തന്നെ വിവാദത്തിന്റെ കൊടുമുടിയിലായതിന് മുഖ്യമന്ത്രിയുടെ നാവ് തന്നെയാണ് ഏറ്റവും വലിയ പങ്കു വഹിച്ചത്.

 

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചത് അവരെ രക്ഷിക്കാൻ ആണെന്ന മുഖ്യമന്ത്രിയുടെ ന്യായം പൊതുജനത്തിന് മുന്നിൽ പരിഹാസ്യമായി .മുഖ്യമന്ത്രി മറിച്ച് ബസ്സിൽ നിന്ന് ഒന്ന് ഇറങ്ങി പ്രതിഷേധിക്കാരെ കണ്ടിരുന്നെങ്കിൽ മൊത്തം പരിപാടിയുടെ പ്രതിച്ഛായ മാറിയേനെ. മുഖ്യമന്ത്രിയുടെ തന്നെയും പ്രതിച്ഛായക്ക് മാറ്റം വരുമായിരുന്നു. പക്ഷേ പതിവ് അഹങ്കാരത്തിന് ഭാഷയിലാണ് തുടരത്തുടരെ പിന്നീട് മുഖ്യമന്ത്രി സംസാരിച്ചത്. ഇത് ‘തമാശ’യാണെന്ന് ഒരു മന്ത്രിക്ക് തന്നെ പറയേണ്ടിവന്നു. ഇതോടെയാണ് 2 ജില്ലകൾ പിന്നിട്ടതോടെ പരിപാടിയെ പരാജയപ്പെടുത്തിയത്. ജനങ്ങൾ അവരുടെ ദുരിതങ്ങൾ മറന്ന് മറ്റു വിഷയങ്ങളിൽ കേന്ദ്രീകരിക്കുമ്പോഴായിരുന്നു സർക്കാർ സ്വയം ക്ഷണിച്ചു വരുത്തിയ ഈ വിവാദം. ഒരു കോടി രൂപ മന്ത്രിമാർക്ക് സഞ്ചരിക്കാനായി ബസ് വാങ്ങിയതിൽ ചെലവഴിച്ചത് ഈ പ്രതിസന്ധികാലത്ത് വലിയ വാർത്തയായി .ഗതാഗത മന്ത്രി എത്രതന്നെ ന്യായീകരിച്ചാലും ബസ്സിന് പുറമേയുള്ള അകമ്പടി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറകെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും മറ്റും വാഹനങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് പലയിടത്തും ഇതിനകം ഗതാഗത തടസ്സംഉണ്ടാക്കി .ഇതും ജനത്തിന്റെ പ്രതിഷേധത്തിന് കാരണമായി. നേരത്തെ പ്രതിഷേധം മാത്രമായിരുന്നു സർക്കാരിനെതിരായ വികാരമെങ്കിൽ ഇപ്പോൾ പരിഹാസം കൂടിയായി. ഇന്ന് മൂന്നാമത്തെ ജില്ലയായ വയനാട് ആണ് പരിപാടി നടക്കുന്നത്. നേരത്തെ കൊട്ടിഘോഷിച്ച പോലെയല്ല , ചുരുക്കം പരാതികൾ മാത്രമാണ് ലഭിക്കുന്നത്. പ്രതിപക്ഷം പരിപാടിയെ പരാജയപ്പെടുത്താം എന്ന നിശ്ചയിച്ചെങ്കിലും അത് സ്വയം അവർക്ക് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കാരണം സർക്കാരും മുഖ്യമന്ത്രിയും ഭരണകക്ഷിക്കാരും തന്നെ സ്വയം ആ പരിപാടി ഏറ്റെടുത്തതോടെയാണ് പ്രതിപക്ഷത്തിന് വിജയം നേടാനായത്. വെളുക്കാൻ തേച്ചത് പാണ്ടാകുകയാണ് ഇതിലൂടെ പിണറായിക്കും കൂട്ടർക്കും സംഭവിച്ചിരിക്കുന്നത്.

webdesk15: