നവകേരള സദസിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ക്ലാസ് തടസ്സപ്പെടുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് എം.എസ്.എഫ്. നവകേരള സദസിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. നവകേരള സദസിലേക്ക് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഒരു സ്‌കൂളില്‍ നിന്ന് നൂറു മുതല്‍ 200 കുട്ടികളെ വീതം എത്തിക്കാനാണ് നിര്‍ദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിര്‍ദേശം.
സിപിഎമ്മുകാരുടെ പാര്‍ട്ടി വിജയിപ്പിക്കാനല്ല വിദ്യാര്‍ത്ഥികളെ സ്‌കൂളിലും കോളേജിലും പോകുന്നത്. പരാജയപ്പെട്ട നവകേരള സദസ് വിദ്യാര്‍ത്ഥികളെ വച്ച് വിജയിപ്പിക്കാനാണ് ശ്രമമെങ്കില്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു. യോഗത്തില്‍ വെച്ചു തന്നെ പ്രധാന അധ്യാപകര്‍ തീരുമാനം ചോദ്യം ചെയ്തതോടെ മുകളില്‍ നിന്നുള്ള ഉത്തരവ് ആണെന്നായിരുന്നു ഡി.ഇ.ഒയുടെ മറുപടി. അച്ചടക്കമുള്ള വിദ്യാര്‍ഥികളെ എത്തിക്കാനും അധ്യാപകരോട് അവരെ അനുഗമിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.