നവകേരള സദസില്‍ പങ്കെടുക്കാത്തതിനാല്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സിഐടിയു പ്രവര്‍ത്തകര്‍. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്.
കാട്ടായിക്കോണം സ്റ്റാന്‍ഡില്‍ ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവര്‍ത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരന്‍ രാജേഷ് നാളെ മുതല്‍ ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്.
അതേസമയം കേരളം പൊലീസ് ഗുണ്ടാ രാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഇത് ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമടാന്‍ പൊലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ച് വെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് മാര്‍ച്ചില്‍ കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്നലെയുണ്ടായത് അസാധാരണ നീക്കമാണ്. എഫ്.ഐ.ആറില്‍ ഉള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്‍?. ഗണ്‍മാന്‍ ഇപ്പോള്‍ വി.ഐ.പി ആണ്, പൂര്‍ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്‍ മോദി കേസ് എടുക്കുന്നു, കേരളത്തില്‍ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരള പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ബഹിഷ്‌കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്.
എല്‍.ഡി.എഫ് നേതാക്കള്‍ക്ക്‌പോലും നവകേരള സദസില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. തോമസ് ചാഴിക്കാടന്‍, ശൈലജ ടീച്ചര്‍ എന്നിവര്‍ അപമാനിക്കപ്പെട്ടത് കേരളം കണ്ടു. മുഹമ്മദ് റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാര്‍ സംരക്ഷിക്കുന്നില്ലെന്നും മരുമകന്‍ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.