നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സില്‍ ‘കട്ടപ്പുറത്ത്’. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അത് സംഭവിച്ചില്ല.
ബസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബെംഗളൂരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് ബസ് കൈമാറിയിരുന്നു. ഇതിനിടെയാണ് ഗതാഗത മന്ത്രി മാറിയത്. ബസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാത്തതിനാല്‍ നിര്‍മ്മാണം തടസ്സപ്പെട്ടു.
അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല.