ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയത് പൊലീസ് പീഡനം മൂലമെന്ന് അഫ്‌സാന. കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിട്ടത്. വായില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു. ഭക്ഷണം പോലും നല്‍കിയില്ല. വൈദ്യസഹായം നല്‍കാനും വിസമ്മതിച്ചെന്ന് അഫ്‌സാന ആരോപിച്ചു.
വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചത്. ഉറങ്ങാന്‍ അനുവദിക്കാതെ പൊലീസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി.പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഫ്‌സാന പറഞ്ഞു.
നൗഷാദിന് നേരത്തെ മുതല്‍ മാനസിക വൈകല്യമുണ്ട്. എന്തിനാണ് നാടുവിട്ടതെന്ന് അറിയില്ല. നേരത്തെ നിരന്തരം മദ്യപിച്ച് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഭര്‍ത്താവ് പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്‌സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അഫ്‌സാന ജയില്‍ മോചിതയായി.
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു അഫ്‌സാന പൊലീസിന് കഴിഞ്ഞ ദിവസം നല്‍കിയ മൊഴി. പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് താന്‍ നൗഷാദിനെ തലക്കടിച്ച് കൊന്നതെന്നായിരുന്നു അഫ്‌സാന പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഫ്‌സാനക്കെതിരെ കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് റിമാന്‍ഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു.