X

വനമേഖലയില്‍ സ്വാഭാവിക വനവല്‍ക്കരണം;അധിനിവേശ മരങ്ങള്‍ പുറത്താകും

കണ്ണൂര്‍: അധിനിവേശ സസ്യങ്ങളെയും മരങ്ങളെയും ഒഴിവാക്കി വനമേഖലയില്‍ സ്വാഭാവിക വനവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായി വനം വകുപ്പ്. വനമേഖലയിലെ ഓരോ പ്രദേശങ്ങളിലെയും പാരിസ്ഥിതിക ഘടനക്കനുസരിച്ച് അനുയോജ്യമായ നാടന്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പാക്കാനാണ് പദ്ധതി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പ് തുടക്കം കുറിച്ചു. പണ്ട് മുതലെ വ്യാവസായിക ആവശ്യങ്ങള്‍ക്കായി നട്ടു പിടിപ്പിക്കുന്ന മരങ്ങള്‍ മുഴുവന്‍ മുറിച്ചു മാറ്റും. അടുത്ത തലമുറയിലേക്ക് ഉപകാരപ്പെടുന്ന മരങ്ങള്‍ ആ സ്ഥാനത്ത് വച്ച് പിടിപ്പിക്കും. യുക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, കാറ്റാടി എന്നിവയെ ഘട്ടംഘട്ടമായി വനമേഖലയില്‍നിന്ന് ഒഴിവാക്കും. പകരം മാവ്, പ്ലാവ്, ഞാവല്‍, അത്തി, ആല്‍, കാഞ്ഞിരം എന്നിവ വച്ചുപിടിപ്പിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഗുണകരമല്ലാത്ത മരങ്ങള്‍ ഒഴിവാക്കി തനി നാടന്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തെങ്ങ്, വേലിപ്പരുത്തി, കുടംപുളി, മാവ്, പ്ലാവ്, പേര എന്നിവയെല്ലാം നട്ടുപിടിപ്പിക്കും. പ്രദേശങ്ങളുടെ ഘടനക്കനുസരിച്ചാണ് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. ഇതിനായി വനാതിര്‍ത്തിയിലെ കര്‍ഷകരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയും.

ഉയരം കൂടുമ്പോള്‍ മുളമാവ്, വാലി

ഉയരം കൂടിയ പ്രദേശങ്ങളില്‍ ഈട്ടി, മുളമാവ്, വാലി, വയണ, കുന്തിരിക്കം, നിറവാലി എന്നിവയും താഴ്ന്ന പ്രദേശങ്ങളില്‍ മണിമരുത്, ചോലവേങ്ങ, കടമ്പ് എന്നിവയും വച്ചുപിടിപ്പിക്കാനാണ് തീരുമാനം. റോഡരികിലും മറ്റും അശോകം, ആര്യവേപ്പ്, കുടംപുളി, പതിമുഖം, മന്ദാരം, കണിക്കൊന്ന, മുള, പേര എന്നിവയും വെക്കും. കൂടാതെ ഔഷധ വൃക്ഷങ്ങള്‍ നടുന്നതിലും പ്രാധാന്യം നല്‍കും. നിലവില്‍ ആദിവാസി മേഖലയില്‍ ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. ഇതിന് പുറമെ കൂടുതല്‍ ഔഷധ സസ്യങ്ങളും വിവിധ തരം മരങ്ങളും നട്ടുപിടിപ്പിച്ച് ആദിവാസികള്‍ക്ക് വരുമാന മാര്‍ഗവും ഉണ്ടാക്കും.

കണ്ടല്‍ക്കാടുകള്‍ക്ക് പ്രാധാന്യം നല്‍കും

പുഴയോര മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ വ്യാപകമായി നട്ടുവളര്‍ത്തും. നിലവില്‍ കൂടുതല്‍ കണ്ടല്‍ മേഖലകള്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലാണ്. ഇവ സര്‍ക്കാര്‍ വാങ്ങാനും പദ്ധതിയുണ്ട്. കണ്ടല്‍ വനങ്ങള്‍ നശിച്ച മേഖലയിലും കൂടുതല്‍ കണ്ടല്‍ചെടികള്‍ നടും. അടുത്ത മഴക്കാലമാകുമ്പോഴേക്കും നാടന്‍ മരങ്ങളുടെ നടീല്‍ ആരംഭിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.ജൂണില്‍ മരമഹോത്സവ പരിപാടിയോട് അനുബന്ധിച്ച് തന്നെ നാടന്‍ മരങ്ങളുടെ നടീല്‍ ആരംഭിക്കുമെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ പി.കാര്‍ത്തിക് അറിയിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. യുക്കാലിപ്‌സ്, അക്കേഷ്യ, മാഞ്ചിയം പോലുള്ള മരങ്ങള്‍ മുറിച്ചു മാറ്റും.

Test User: