കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും ദേശീയതലത്തില്‍ പണിമുടക്ക് ഭാഗീകമാണെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, തുടങ്ങി ഉത്തരേന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ ജനജീവിതം സാധാരണ നിലയിലാണ്. എല്ലായിടത്തും റോഡ്-റെയില്‍ ഗതാഗതം സാധാരണനിലയിലാണ് വ്യാപാരസ്ഥാപനകളും ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മറ്റു പ്രമുഖ നഗരങ്ങളിലും പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനങ്ങള്‍ നടത്തി. റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും രാജ്യത്ത് എല്ലായിടത്തും മെട്രോ ട്രെയിനുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തുന്നുണ്ട്.
വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഒഡീഷയിലും പണിമുടക്കിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാളില്‍ പണിമുടക്കിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു. കൊല്‍ക്കത്തയില്‍ സമരം നടത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ അസൻ സോളിൽ തൃണമൂൽ കോൺഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ഒഡീഷയില്‍ പണിമുടക്കിയ തൊഴിലാളികള്‍ ഭൂവനേശ്വറില്‍ ദേശീയ പാത 16 ഉപരോധിച്ചു. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും സമരാനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു.
ചരക്ക് കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൊഴിലാളി സംഘടനകള്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. വാഹനങ്ങള്‍ തടയില്ലെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും ട്രേഡ്് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാവരുടേയും സഹകരണം സംഘാടകര്‍ തേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി. യു.സി, സി.ഐ.ടി.യു, എസ്.ടി.യു തുടങ്ങിയ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍എംഎഎസ് ആന്റഡ് എംഎംഎസ് എംപ്ലോയീസ് (എഫ്.എന്‍.പി.ഒ) തീരുമാനിച്ചു. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ ആനുകൂല ശുപാര്‍കളും നടപ്പാക്കണമെന്#ുനം ജിഡിഎസ് ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് സ്റ്റാറ്റസ് അനുവദിക്കണമെന്നും എഫ്.എന്‍.പി.ഒ ആവശ്യപ്പെട്ടു. കേരള സര്‍ക്കിളിലെ എല്ലാ തപാല്‍ ഓഫീസുകളും അടച്ചിടുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐഎന്‍ടിയുസി) വ്യക്തമാക്കി.
ദേശീയ പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ ട്രെയിനുകള്‍ പിക്കറ്റ് ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും പിക്കറ്റിംഗ് നടക്കും. തീവണ്ടി യാത്രക്കാര്‍ ജനുവരി 8, 9 തിയതികളില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം പണിമുടക്ക് ഹര്‍ത്താലായി മാറാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഇന്നലെ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. പണിമുടക്ക് നേരിടാന്‍ സ്വീകരിച്ച നടപടികളും ഹൈക്കോടതി ആരാഞ്ഞിരുന്നു.