X

നാടാകെയും നാമൊന്നാകെ വയനാടിനൊപ്പം: കെഎംസിസി

കേരളം ഇതുവരെ തരണം ചെയ്ത പ്രകൃതി ദുരന്തങ്ങളേക്കാളെല്ലാം ഭയാനകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് വയനാട് മുണ്ടക്കൈ-അട്ടമല- ചൂരൽമല പ്രദേശങ്ങളിൽ ഇന്നു പുലർച്ചെ സംഭവിച്ചിരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. മരണം നൂറിനോടടുക്കുന്നു. നാശനഷ്ടങ്ങൾക്ക് ഒരു കണക്കുമില്ല.

എത്ര ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു, ആരൊക്കെ ജീവനോടെയുണ്ട്, എത്ര വീടുകൾ ഇല്ലാതായി, എന്തൊക്കെയാണ് മണ്ണിനടിയിൽ എന്നെല്ലാം വരുന്ന മണിക്കൂറുകളിലേ അറിയാനാകൂ. ഇപ്പോൾ ജീവൻ രക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണവും വസ്ത്രവും എത്തിക്കാനുമാണ് നാടിന്റെ ഒത്തൊരുമയോടെയുള്ള ശ്രമം. നേരം വെളുക്കും മുമ്പേ രക്ഷാപ്രവർത്തനം തുടങ്ങിയ അടുത്ത ഗ്രാമങ്ങളിലെ മനുഷ്യരും അവരോടൊപ്പം ചേർന്ന മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും വലിയ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സങ്കല്പിക്കാൻ കഴിയാത്ത ഒരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.

ഒറ്റരാത്രി കൊണ്ട് ആയിരക്കണക്കിനാളുകൾ നിസ്സഹായരും നിരാലംബരും ആയിത്തീർന്നിരിക്കുന്നു. ദുരന്ത നിവാരണ സംഘവും ജനങ്ങളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ദുരന്തത്തിലകപ്പെട്ടവർക്കും ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തിര സഹായങ്ങൾ എത്തിക്കേണ്ടതുണ്ട്. വരുന്ന ദിവസങ്ങളിൽ വലിയ തോതിലുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഈ ദുരന്തബാധിതർക്കായി വേണ്ടി വരും.

യു.എ.ഇ കെ.എം.സി.സി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും പാർട്ടിയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങൾക്ക് പ്രവാസലോകത്തു നിന്നുള്ള പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരും സംസ്ഥാന, ജില്ലാ കെ.എം.സി.സി ഭാരവാഹികളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം നാഷണൽ കമ്മിറ്റിയുടെ രക്ഷാപ്രവർത്തന-പുനരധിവാസ പദ്ധതി പ്രഖ്യാപിക്കും. നമ്മുടെ പ്രിയപ്പെട്ട വയനാട്ടുകാർക്ക്, നമ്മുടെ സഹോദരങ്ങൾക്ക് വന്നുപെട്ട ഈ ദുരന്തത്തെയും ഒത്തൊരുമിച്ചും കൈകൾ കോർത്തും തരണം ചെയ്യം. നാടാകെ വയനാടിനൊപ്പം നിൽക്കുന്ന ഈ സമയത്ത് യു.എ.ഇ കെ.എം.സി.സിയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രസറർ നിസാർ തളങ്കര എന്നിവർ ഒരു പത്ര ക്കുറിപ്പിൽ പറഞ്ഞു.

webdesk13: