കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ‘ ലഷ്‌കര്‍ ഇ ത്വൊയ്ബ ഭീകരന്‍ ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍’ എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നടത്തിയ പൊതു സമ്മേളനത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ ദേശീയ നേതാക്കള്‍ക്കെതിരെ സൂക്ഷിച്ച് സംസാരിക്കണമെന്ന് കോണ്‍ഗ്രസ് മറുപടി പറഞ്ഞു. അടുത്തിടെ നടന്ന മണിപ്പൂര്‍, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണ് ജയിച്ചതെന്ന കാര്യം മറക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ഓര്‍മ്മപ്പെടുത്തി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഏറ്റെടുക്കാന്‍ നരേന്ദ്ര മോഡിക്ക് ഭയമുള്ളതുകൊണ്ടാണ് യോഗിയെക്കൊണ്ട് എരിതീയില്‍ എണ്ണയൊഴിപ്പിക്കുന്നത്. ദേശീയ നേതാക്കള്‍ക്കെതിരേ യുപി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിക്കെതിരെയോ ബിജെപി അധ്യക്ഷനെതിരെയോ കോണ്‍ഗ്രസ് നടത്താറുണ്ടോ എന്നും പ്രമോദ് തിവാരി ചോദിച്ചു.
വികസനത്തിന് പിന്തുണ നല്‍കുന്ന ആളല്ല രാഹുല്‍. അയാള്‍ക്ക് എല്ലാം നശിപ്പിക്കാനാണ് താത്പര്യം. സൈന്യം വധിച്ച ഇസ്രത് ജഹാനെ പിന്തുണച്ച ആളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. 2004ല്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളാണ് ഇസ്രത് ജഹാന്‍. ഇയാള്‍ക്ക് പുറമേ മറ്റ് മൂന്ന് പേര്‍ കൂടി വ്യാജ ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി അമേഠിയിലെ എംപിയായ അദ്ദേഹത്തിന് അവിടെ ഒരു കളക്ട്രേറ്റ് കെട്ടിടം നിര്‍മിക്കാന്‍ പോലും കഴിഞ്ഞില്ല. അത്തരമൊരു ആളില്‍ നിന്നും ഗുജറാത്തിലെ ജനങ്ങള്‍ എന്ത് വികസനമാണ് പ്രതീക്ഷിക്കേണ്ടത്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന കാലത്ത് വികസനത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ലെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.