ദേശീയ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന് കേന്ദ്രമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. ശനിയാഴ്ച രാത്രി വൈകീട്ടാണ് തീരുമാനം പുറത്തുവിട്ടത്. റാങ്കിംഗ് മത്സരവും, എന്‍ട്രി ഫീസ് തിരിച്ചടവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി ഏറ്റെടുക്കും വരെ ഫെഡറേഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും.
സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷന്റെ അസി. സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി താരങ്ങള്‍ ആരോപിച്ച ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സമരം വെള്ളിയാഴ്ച രാത്രി ഒത്തുതീര്‍പ്പായിരുന്നു.