X

ബിജെപി എംപി ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷന്‍

ന്യൂഡല്‍ഹി; ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് ദേശിയ ഗുസ്തി ഫെഡറേഷന്‍. വ്യക്തി താല്‍പര്യങ്ങളും ഹിഡന്‍ അജന്‍ഡയുമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ഫെഡറേഷന്‍ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയത്തിന് നല്‍കിയ കത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചത്.

ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച ഗുസ്തി താരങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധം ഗുസ്തിക്കാരുടെ മികച്ച താല്‍പ്പര്യത്തിനോ ഇന്ത്യയില്‍ നല്ല ഗുസ്തി പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ലെന്നാണ് ദേശിയ ഗുസ്തി ഫെഡറേഷന്‍ പറയുന്നത്. ഡബ്ല്യുഎഫ്‌ഐയുടെ നിലവിലെ ഏറ്റവും മികച്ചതും കര്‍ശനവുമായ മാനേജ്‌മെന്റിനെ പുറത്താക്കാന്‍ വേണ്ടിയുള്ള വ്യക്തിപരമായ താല്‍പ്പര്യത്തിന്റേയും ഹിഡന്‍ അജണ്ടയുടേയും ഭാഗമാണിത്. പൊതുജനങ്ങള്‍ക്കിടയില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണെന്നുമാണ് കത്തില്‍ പറയുന്നത്.

ഗുസ്തി താരങ്ങളുടെ മൂന്നു ദിവസത്തെ സമരം ഒത്തുതീര്‍പ്പായത് കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. വിഷയത്തില്‍ സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഇക്കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്കും സമിതി മേല്‍നോട്ടം വഹിക്കും. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

webdesk13: