X
    Categories: MoreViews

ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു; രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്‍ ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും

സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനികില്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ ജോസഫൈന്‍ യുവതി പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയും വനിതാ കമീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ അത് ചെയ്തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നല്‍കിയത്. എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും പരാതി നല്‍കിയിരുന്നു.

പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പി.ബിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്‍ദേശം നല്‍കി.

chandrika: