X

വായു ചുഴലിക്കാറ്റിന് ശക്തി കുറയുനന്നുവെന്ന് കാലാവസ്ഥാ കേന്ദ്രം

ന്യൂഡല്‍ഹി: അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് രൂപപ്പെട്ട ‘വായു’ ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു വരികയാണെന്നും ഗുജറാത്ത് തീരം തൊടാതെ കാറ്റ് ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പുലരും മുമ്പെ കാറ്റ് ഗുജറാത്ത് തീരം കടന്നുപോകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് വന്‍ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് യുദ്ധസമാന മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിക്കുകയും തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാറ്റ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. അതേസമയം തീര ജില്ലകളില്‍ കനത്ത മഴയക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്. മത്സ്യത്തൊഴിലാളികളോട് അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായു ചുഴലിക്കാറ്റ് നിലവില്‍ ഗുജറാത്ത് തീരത്ത് ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റ് ശക്തിക്ഷയിച്ച് ദുര്‍ബലമായേക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പറഞ്ഞു.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ എട്ടിന് കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച വൈകിയാണ് എത്തിയത്. ഇത് മറ്റു സംസ്ഥാനങ്ങളിലും മഴയെത്താന്‍ വൈകാന്‍ കാരണമായിട്ടുണ്ട്. മഴയുടെ അളവിലും ഇതുവരെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സാധാരണഗതിയില്‍ ലഭിക്കേണ്ട മഴയുടെ അളവിനെ അപേക്ഷിച്ച് ഇന്നലെ വരെ ലഭിച്ച മഴയുടെ അളവ് 60 ശതമാനം കുറവാണ്. അതേസമയം വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നും സാധാരണ രീതിയിലുള്ള കാലവര്‍ഷം ഇത്തവണയും ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം.

chandrika: