ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനിടെ ഉള്‍വസ്ത്രമഴിച്ച് പരിശോധനക്ക് വിധേയരായ വിദ്യാര്‍ത്ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കൊല്ലം ജില്ലയിലുള്‍പ്പെടെ സെപ്തംബര്‍ നാലിന് ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെയാണ് പരീക്ഷ നടത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. അപമാനിക്കപ്പെട്ട സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കൊല്ലം ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയിലാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനികളെയാണ് ഉള്‍വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്ന് പരാതി ഉയര്‍ന്നത്. അതിനാല്‍ ഈ കേന്ദ്രത്തെ പുനര്‍പരീക്ഷയില്‍ നിന്ന് ഒഴിവാക്കി. പകരം കൊല്ലം എസ്.എന്‍ സ്‌കൂളാണ് പുതിയ പരീക്ഷാകേന്ദ്രം.