ന്യൂഡല്‍ഹി: അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് (എഎംപി) അഖിലേന്ത്യാതലത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ നാഷണല്‍ ടാലന്റ് സെര്‍ച്ച് (എന്‍ടിഎസ്) പരീക്ഷയില്‍ ഒന്നാം റാങ്ക് മലപ്പുറം സ്വദേശിനിക്ക്. മലപ്പുറം ഹാജിയാര്‍ പള്ളിയിലെ പരി അബ്ദുല്‍ഹമീദിന്റെയും ഹസീനയുടെയും മകളായ ഫിദാ ഹമീദ് ആണ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളോട് മത്സരിച്ച് ഈ നേട്ടം സ്വന്തമാക്കിയത്. ഐഐടി ദര്‍വാഡിലെ ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഫിദ. ഫിദയുടെ സഹോദരന്‍ ഫഷ്ബിന്‍ ജൂനിയര്‍ ടാലന്റ് സെര്‍ച്ച് ടെസ്റ്റില്‍നാലാം സ്ഥാനവും നേടിയിട്ടുണ്ട്.
രാജ്യത്തെ വിവിധ ഐഐടി കള്‍ അടക്കമുള്ള പ്രമുഖ ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളാണ് ടെസ്റ്റിനുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സുഹൈല്‍ അയ്യൂബ് രണ്ടാം റാങ്കും രാജസ്ഥാന്‍ കോട്ട ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അല്‍വീന ഖാന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. പത്ത് പന്ത്രണ്ട് ക്ലാസ്സുകാര്‍ക്ക് വേണ്ടിയുള്ള ജൂനിയര്‍ ടാലന്റ് സെര്‍ച്ചില്‍ ഡല്‍ഹിയിലെ അദ്‌നാന്‍ ഷംസി, മഹാരാഷ്ട്രയിലെ അസ്‌ന ഫാത്തിമ യുപിയിലെ വരുണ്‍ വാഷ്‌നി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
വിജയികള്‍ക്ക് 30000, 20000, 10,000 രൂപയുടെ കാശ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഇതിനു പുറമെ, പുറമേ ടാലന്റ് സെര്‍ച്ചിലൂടെ കണ്ടെത്തിയ ആയിരക്കണക്കിന് മികച്ച പ്രതിഭകളുടെ തുടര്‍ പഠനത്തിന് എഎംപി സഹായം നല്‍കും.