കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യവേദി നടത്തുന്ന ദ്വിദിന പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ചരക്ക് കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിക്കുക, വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴിലില്ലായ്മ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. തൊഴിലാളി സംഘടനകള്‍ ഒന്നടക്കം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ ഇടയില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. എങ്കിലും പണിമുടക്ക് ഫലത്തില്‍ ഹര്‍ത്താലായി മാറുമെന്നാണ് സൂചന.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി. യു.സി, സി.ഐ.ടി.യു, എസ്.ടി.യു തുടങ്ങിയ സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍എംഎഎസ് ആന്റഡ് എംഎംഎസ് എംപ്ലോയീസ് (എഫ്.എന്‍.പി.ഒ) തീരുമാനിച്ചു. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ എല്ലാ ആനുകൂല ശുപാര്‍കളും നടപ്പാക്കണമെന്നും ജിഡിഎസ് ജീവനക്കാര്‍ക്ക് സിവില്‍ സര്‍വീസ് സ്റ്റാറ്റസ് അനുവദിക്കണമെന്നും എഫ്.എന്‍.പി.ഒ ആവശ്യപ്പെട്ടു. കേരള സര്‍ക്കിളിലെ എല്ലാ തപാല്‍ ഓഫീസുകളും അടച്ചിടുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ (ഐഎന്‍ടിയുസി) വ്യക്തമാക്കി. ദേശീയ പണിമുടക്ക് വന്‍ വിജയമാക്കുവാന്‍ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കോര്‍പറേറ്റുകളെ സഹായിക്കുന്ന മോദി സര്‍ക്കാര്‍ നയം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും 2019 ജൂലൈ മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതുണ്ട്; ക്ഷാമബത്ത കുടിശ്ശികയാണ്. അധ്യാപക നിയമനാംഗീകാരവും ശമ്പളവും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.