ന്യൂഡല്‍ഹി: വിവാഹം ആര്‍ഭാടം കാണിക്കാനുള്ള അവസരമാക്കുന്നവര്‍ ജാഗ്രതൈ. വിവാഹ സല്‍ക്കാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
വിവാഹ സല്‍ക്കാരത്തിന് പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം, സല്‍ക്കാരങ്ങള്‍ക്കായി വിളമ്പുന്ന ഭക്ഷണം എന്നിവക്ക് നിയന്ത്രണങ്ങള്‍ വരുത്തുന്നതിനായുള്ള സ്വകാര്യ ബില്‍ ലോക്‌സഭയുടെ അടുത്ത സമ്മേളനത്തില്‍ പരിഗണിക്കും.
വിവാഹം ആര്‍ഭാടത്തിനുള്ള അവസരമാക്കുന്നവര്‍ക്ക് തടയിടുന്നതിനായുള്ള ബില്‍ പപ്പു യാദവിന്റെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ രണ്‍ജീത് രഞ്ജനാണ് അവതരിപ്പിച്ചത്. ബില്‍ പ്രകാരം അഞ്ചു ലക്ഷത്തിനു മുകളില്‍ വിവാഹങ്ങള്‍ക്കായി ചെലവിടുന്ന കുടുംബം ഇതിന്റെ 10 ശതമാനം തുക പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ചെലവിലേക്കായി നല്‍കേണ്ടി വരും.
വിവാഹ (നിര്‍ബന്ധിത രജിസ്‌ട്രേഷന്‍, പാഴ് ചെലവുകള്‍ തടയല്‍) ബില്‍ 2016 അടുത്ത ലോക്‌സഭാ സമ്മേളനത്തില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം. ലളിത വിവാഹം പ്രോത്സാഹിപ്പിക്കുന്നതിനും വിവാഹ ധൂര്‍ത്ത് ഒഴിവാക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് രണ്‍ജീത് രഞ്ജന്‍ പറഞ്ഞു. ഇതിനു പുറമെ ബില്‍ നിയമമാകുകയാണെങ്കില്‍ വിവാഹം കഴിഞ്ഞ് 60 ദിവസത്തിനകം വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും വേണം.
ഭക്ഷണ സാധനങ്ങള്‍ പാഴാകുന്നത് അവസാനിപ്പിക്കുന്നതിനായി വിവാഹത്തിന് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടു വരാനും അതോടൊപ്പം വിവാഹ സല്‍ക്കാരത്തിനായുള്ള വിഭവങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാറിന്റെ ആലോചന.