പട്‌ന: മദ്യപിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണി നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് നടപ്പാക്കിയ സമ്പൂര്‍ണ മദ്യ നിരോധനത്തിന്റെ തുടര്‍ച്ചയായി മദ്യനയത്തില്‍ നിതീഷ് കുമാര്‍ ഭേദഗതി വരുത്തി. ഇതനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജഡ്ജിമാരോ സംസ്ഥാനത്തിനോ രാജ്യത്തിനോ പുറത്തുനിന്ന് മദ്യപിച്ചാല്‍ പോലും നടപടികള്‍ക്ക് വിധേയരാകേണ്ടി വരും. ജോലിയില്‍ നിന്ന് പുറത്താക്കല്‍, മാറ്റി നിര്‍ത്തല്‍, ശമ്പളം തടഞ്ഞുവെക്കല്‍ തുടങ്ങിയ നടപടികളാണുണ്ടാവുക.
ഡെപ്യൂട്ടേഷനില്‍ സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും നിയമം ബാധകമായിരിക്കും. ലോകത്തിന്റെ ഏതു കോണില്‍വെച്ചു മദ്യപിച്ചതായി തെളിഞ്ഞാലും ശിക്ഷ ഉറപ്പാണ്. ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് ബിഹാര്‍. ഉദ്യോഗസ്ഥര്‍ എവിടെയായാലും മര്യാദ കാണിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിഹാറില്‍ പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിരോധനം നിലനില്‍ക്കെ തന്നെ സര്‍ക്കാരിനു കീഴിലുള്ള ഉദ്യോഗസ്ഥരില്‍ പലരും മദ്യപിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇതിന് വിലങ്ങിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മദ്യത്തിന്റെ കുത്തൊഴുക്കില്‍ വലഞ്ഞിരുന്ന ബിഹാറില്‍ നിതീഷ് കുമാര്‍ നടപ്പാക്കിയ മദ്യനിരോധനത്തിനു വന്‍ ജനപിന്തുണയാണു ലഭിച്ചിരിക്കുന്നത്.
മദ്യനിരോധനത്തെ പിന്തുണച്ച് കഴിഞ്ഞമാസം പട്‌നയില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ നിതീഷ് കുമാറിനൊപ്പം ലാലുപ്രസാദ് യാദവ് അടക്കമുള്ള നേതാക്കള്‍ അണിചേര്‍ന്നിരുന്നു.
മൂന്നു കോടിയോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന മദ്യ നിരോധനം കഴിഞ്ഞ ഏപ്രിലിലാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.