X
    Categories: indiaNews

ലൗജിഹാദ് ഉള്ളതായി അറിയില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ചില കേസുകളിലെ ലൗജിഹാദ് പരാമര്‍ശത്തിന്റെ അടിസ്ഥാനം എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ചില വിവാഹങ്ങളുമായി ബന്ധപ്പെട്ട് ലൗജിഹാദ് പരാമര്‍ശിച്ച് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്ത് ജീവിക്കാം. നിയമപരമായ പ്രായപരിധി എത്തണമെന്നേയുള്ളൂ. മറ്റു തടസ്സങ്ങളൊന്നും ഇക്കാര്യത്തിലില്ല- അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി നേതൃത്വം ലൗജിഹാദ് വലിയ കാമ്പയിന്‍ ആയുധമായി ഉപയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ബി.ജെ.പിയോട് ചോദിക്കണം എന്നായിരുന്നു ലാല്‍പുരയുടെ മറുപടി. താന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാണ്. അതിനപ്പുറം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ മതത്തിന്റേയോ വക്താവല്ല. എന്താണ് ലൗജിഹാദ്. ഒരു ഡിക്ഷ്ണറിയിലും താന്‍ ഇങ്ങനെ ഒരു വാക്ക് കണ്ടിട്ടില്ല. ചില മിശ്ര വിവാഹ കേസുകളില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിലേക്ക് എത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതില്‍ കുറേയൊക്കെ സത്യമുള്ളതായും ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള കമ്മീഷന്റെ ആശങ്ക സംസ്ഥാന സര്‍ക്കാറുകളെ അറിയിച്ചിട്ടുണ്ട്. അതിനെ ആ നിലയില്‍ കണ്ടുകൊണ്ട് നടപടി എടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: