X
    Categories: MoreViews

ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം

ഭോപാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ 19ാം തവണയാണ് കേരളം ജൂനിയര്‍ വിഭാഗത്തില്‍ കപ്പുയര്‍ത്തുന്നത്. ഗോരഗാവിലെ സായി കോംപ്ലക്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ 116 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിറകിലാക്കിയാണ് കേരളം ചാമ്പ്യന്‍മാരായത്. 41 പോയിന്റുമായി തമിഴ്‌നാട് രണ്ടാമതെത്തിയപ്പോള്‍ വിദ്യാഭാരതി സംഘതന്‍ 30 പോയിന്റ് നേടി മൂന്നാം സ്ഥാനക്കാരായി. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കേരളം തന്നെയാണ് ചാമ്പ്യന്‍മാര്‍. പെണ്‍കുട്ടികള്‍ 79 പോയിന്റും ആണ്‍കുട്ടികള്‍ 37 പോയിന്റും പട്ടികയില്‍ ചേര്‍ത്തു.

അവസാന ദിനം 200 മീറ്ററില്‍ റെക്കോഡ് സ്വര്‍ണം നേടി സ്പ്രിന്റ് ഡബിള്‍ തികച്ച കേരളത്തിന്റെ ആന്‍സി സോജന്‍ പെണ്‍കുട്ടികളില്‍ മികച്ച താരമായി. ലോങ്ജമ്പില്‍ റെക്കോഡ് സ്വര്‍ണംനേടിയ ഈ മിടുക്കിയുടെ മികവിലാണ് കേരളം 4ഃ 100 മീറ്റര്‍ റിലേയില്‍ റെക്കോഡ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ആകെ നാല് സ്വര്‍ണം ആന്‍സി സ്വന്തം പേരില്‍ ചേര്‍ത്തു. ആണ്‍കുട്ടികളില്‍ വിദ്യാഭാരതിയുടെ അഭിഷേക് സിങ് മികച്ചതാരമായി. ഷോട്ട്പുട്ടില്‍ റെക്കോഡ് തിരുത്തിയ പ്രകടനമാണ് അഭിഷേകിനെ മികച്ച താരമാക്കിയത്. അവസാനദിനം കേരളം അഞ്ചു സ്വര്‍ണം നേടി. ആകെ പതിമൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമടക്കം 25 മെഡുലകള്‍. 12 സ്വര്‍ണവും 5 വെള്ളിയും ഏഴ് വെങ്കലവുമായിരുന്നു കഴിഞ്ഞ മീറ്റില്‍ കേരളം നേടിയത്.

chandrika: