ദേശീയപാതാ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്‍ പരിഹരിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നല്‍കി. മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങള്‍ ഇതിനു മുന്‍പ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷന്‍, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂര്‍, ഉറൂബ് നഗര്‍ എന്നിവിടങ്ങളില്‍ റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകള്‍ അനുവദിക്കുകയോ അത് സാധ്യമല്ലെങ്കില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഏര്‍പ്പെടുത്തുകയോ ചെയ്യണം.
മദിരശ്ശേരിയില്‍ നിലവിലുള്ള റോഡ് ദേശീയപാതാ നിര്‍മ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേല്‍പാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയില്‍ സര്‍വീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്‍ ഉണ്ടാക്കിയിട്ടുള്ള പരിഹാരനിര്‍ദ്ദേശം നടപ്പില്‍ വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സര്‍വീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂര്‍, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്‍ ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നല്‍കി.