ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തെ തീവ്രവാദ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഹരിയാനയിലെ രേവാരിയില്‍ ഒരു പൊതുയോഗത്തിലാണ് അഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നോട്ട് അസാധുവാക്കിയത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ കൂടി നീണ്ടു നില്‍ക്കുമെന്നും എന്നാല്‍ ഈ നടപടിയിലൂടെ രാജ്യത്തിന് സമ്പന്നമായൊരു ഭാവിയാണ് കാത്തിരിക്കുന്നതെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടിയാണ്. നോട്ട് അസാധുവാക്കിയ തീരുമാനം അത്ര ചെറിയ കാര്യമല്ല.
രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് വലിയ ലക്ഷ്യത്തോടെയാണ്. രാജ്യത്തെ സാമ്പത്തികരംഗത്ത് സുതാര്യത കൊണ്ടു വരാന്‍ ഇത്തരം നടപടികള്‍ സഹായിക്കുംമെന്നും രാജ്‌നാഥ് അഭിപ്രയപ്പെട്ടു.
ഇന്ത്യയ്ക്ക് രാഷ്ട്രീയമായി സ്വാതന്ത്ര്യം ലഭിച്ചതാണ് പക്ഷേ നമ്മുക്ക് വേണ്ടത് സാമ്പത്തികമായ സ്വാതന്ത്ര്യമാണ്. നോട്ടുമാറ്റം കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചിലപ്പോള്‍ ഒരു മാസം കൂടി നമ്മള്‍ സഹിക്കേണ്ടി വരും. എന്നാല്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ വിമര്‍ശിക്കുകയാണ്. ഇപ്പോള്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നാലും ഭാവിയില്‍ ഇതിന്റെ ഗുണം നമ്മുക്ക് അനുഭവിക്കാം. സാമ്പത്തിക അസമത്വം അവസാനിപ്പിക്കാന്‍ നമ്മുക്ക് സാധിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.