ദോഹ: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് 18ന് ഞായറാഴ്ച പൊതുഅവധിയായതിനാല്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനു കീഴിലുള്ള ഹെല്‍ത്ത് സെന്ററുകളിലെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു. ദോഹ നഗരത്തിനുള്ളിലെ അല്‍ റയ്യാന്‍, മദീനത് ഖലീഫ, റൗദത്ത് അല്‍ ഖയ്ല്‍, ഉംഗുവൈലിന, അബൂബക്കര്‍ സിദ്ദീഖ്, വെസ്റ്റ്‌ബേ, എയര്‍പോര്‍ട്ട്, ലബൈബ്, ഉമര്‍ ബിന്‍ ഖത്താബ്, മീസൈമീര്‍ ഹെല്‍ത്ത് സെന്ററുകള്‍ 18ന് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പതിനൊന്നുവരെയും പ്രവര്‍ത്തിക്കും. ദന്തല്‍ സേവനങ്ങളും രണ്ടു ഷിഫ്റ്റായിട്ടായിരിക്കും ലഭ്യമാക്കു.
രാവിലെ ഏഴു മുതല്‍ രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയും. ദോഹ നഗരത്തിനു പുറത്തുള്ള അല്‍ഖോര്‍, അല്‍ ശമാല്‍, അല്‍ വഖ്‌റ ഹെല്‍ത്ത് സെന്ററുകള്‍ രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നുവരെ പ്രവര്‍ത്തിക്കും. എന്നാല്‍ ഇതില്‍ അല്‍ഖോര്‍, അല്‍ ശമാല്‍ ഹെല്‍ത്ത് സെന്ററുകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല. അല്‍ ഷഹാനിയ ഹെല്‍ത്ത് സെന്റര്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെയും ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ ഓണ്‍ കോള്‍(ആവശ്യത്തിനനുസരിച്ച്) അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
അല്‍ ശഹാനിയ, അല്‍ ശമാല്‍ ഹെല്‍ത്ത് സെന്ററുകളിലെ ദന്തല്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ ഒറ്റ ഷിഫ്റ്റ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. അല്‍ഖോറിലെയും അല്‍ വഖ്‌റയിലെയും ദന്തല്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെയും രണ്ടു ഷിഫ്റ്റുകളായി ലഭിക്കും.
ഉംസലാല്‍, അല്‍ ദായേന്‍, അല്‍ കരാന, അബു നഖ്‌ല, അല്‍ തുമാമ, ഗറാഫത് അല്‍ റയ്യാന്‍, ലഗ്‌വൈരിയ, അല്‍ കാബന്‍ ഹെല്‍ത്ത്‌സെന്ററുകള്‍ ദേശീയദിനത്തില്‍ അവധിയായിരിക്കും. ഓഫ്താല്‍മോളജി, ഇഎന്‍ടി, ത്വക്ക് രോഗ ചികിത്സാ ക്ലിനിക്കുകള്‍ ഉള്ള ഹെല്‍ത്ത് സെന്ററുകളിലെ ഈ ക്ലിനിക്കുകള്‍ 18ന് പ്രവര്‍ത്തിക്കില്ല. വിവാഹപൂര്‍വ പരിശോധനാക്ലിനിക്കുകളും പ്രവര്‍ത്തിക്കില്ല.