ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷവും കോവിഡ് പ്രതിരോധവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം സര്‍ക്കാരിനു മുന്നില്‍ ചോദ്യങ്ങളുയര്‍ത്തവേ, നീണ്ട വീട്ടു തടങ്കലിനൊടുവില്‍ ലോകസഭയിലെത്തി കാശ്മീര്‍ എംപി ഫാറൂഖ് അബ്ദുല്ല. ഒരു വര്‍ഷത്തിലേറെയായി പാര്‍ലമെന്റിലെത്താത്ത ദേശീയ കോണ്‍ഫറന്‍സ് നേതാവ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സഭയിലെത്തി. കഴിഞ്ഞ സമ്മേളനകാലത്ത് അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് വിവിധ കശ്മീര്‍ നേതാക്കള്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ലയും തടങ്കലിലായത്. വീട്ടു തടങ്കലില്‍ നിന്നും മാര്‍ച്ച് 13 നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
ഞാന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും എല്ലാദിവസവും നാല് മണിക്കൂര്‍ സഭയിലുണ്ടാകുമെന്നും ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്തവണ സയമം മാറ്റിവച്ചിട്ടില്ലെന്നും ്എന്നാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. മണ്‍സൂണ്‍ സെഷന്റെ ആദ്യ ദിവസം പങ്കെടുത്ത ശേഷം ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല പാര്‍ലമെന്റില്‍ നിന്ന് മടങ്ങി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്. ബന്ധപ്പെട്ട തീരുമാനം എടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഫാറൂഖ് അബ്ദുല്ല പങ്കെടുത്തിരുന്നില്ല. ഈ വേളയില്‍ അദ്ദേഹം തടവിലായിരുന്നു. ഫാറൂഖ് അബ്ദുല്ല സ്വതന്ത്രനാണ് എന്നാണ് ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. അമിത് ഷാ കള്ളം പറയുകയാണ് എന്നാണ് ഫാറൂഖ് അബ്ദുല്ല ഇതിനോട് പ്രതികരിച്ചത്. കശ്മീരിലെ മറ്റൊരു പ്രധാന നേതാവായ മെഹ്ബൂബ മുഫ്തി ഇപ്പോഴും തടവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കോവിഡ് പ്രതിസന്ധി മൂലം വൈകി ആരംഭിച്ച വര്‍ഷകാല പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായി സമ്മേളനത്തിനു മുന്‍പുള്ള സര്‍വകക്ഷി യോഗം എന്ന പതിവില്ലാതെയാണ് ഇക്കുറി വര്‍ഷകാല സമ്മേളനം തുടങ്ങിയത്.
ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ വര്‍ഷകാല സമ്മേളന സെക്ഷനാണ് ആരംഭിച്ചത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കുള്ള നേതാക്കള്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. ഇന്നാരംഭിച്ച പാര്‍മെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രധാന വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ചൈനീസ് പ്രകോപനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്‍ക്കാനുള്ള പൊലീസ് ശ്രമങ്ങള്‍ക്കെതിരെ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അതിനിടെ, മണ്‍സൂണ്‍ സെഷനില്‍ ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപി രംഗത്തെത്തി. സഭയിലെ ചോദ്യോത്തരവേള സത്യത്തില്‍ ഒരു സുവര്‍ണ വേളയാണ്. എന്നാല്‍ പ്രത്യേത സാഹചര്യങ്ങള്‍ കാരണം ചോദ്യോത്തര വേള നടത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ മറ്റു നടപടികള്‍ നടത്തുന്നു, ചോദ്യങ്ങള്‍ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള്‍ ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
17-ാമത് ലോക്‌സഭയുടെ നാലാമത്തെ സെഷനും രാജ്യസഭയുടെ 252-ാമത് സെഷനുമാണ് സെപ്റ്റംബര്‍ 14 ന് തുടക്കമാവുന്നത്. കോവിഡ് നിർദേശങ്ങള്‍ പാലിച്ച് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 9 മണി മുതല്‍ 1 മണി വരെ ലോക്സഭയും വൈകീട്ട് 3 മുതല്‍ 7 വരെ രാജ്യസഭയും ചേരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ രാജ്യസഭയും വൈകീട്ട് ലോക്സഭയുമായിരിക്കും. 18 ദിവസ കാലയളവില്‍ ചേരുന്ന സെഷനില്‍ ശനിയാഴ്ചയും ഞായറാഴ്ചയും അടക്കം മൊത്തം 18 സിറ്റിങ്ങുകളാണ് ഉണ്ടാവുക. 45 ബില്ലുകളും 2 സാമ്പത്തിക ഇനങ്ങളും അടങ്ങുന്ന 47 ഇനങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ ഏറ്റെടുത്തിട്ടുണ്ട്.
ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി 11 നിയമങ്ങള്‍ പാസാക്കാനുണ്ട്. ഇതില്‍ 4 എണ്ണം കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ക്കും. പാപ്പരത്വ രണ്ടാം ഭേദഗതി ബില്‍, ബാങ്കിങ് ആന്‍ഡ് റഗുലേഷന്‍ ഭേദഗതി ബില്‍, നികുതി നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതിനുള്ള ബില്‍, പകര്‍ച്ചവ്യാധി ഭേദഗതി ബില്‍, മന്ത്രിമാരുടെ ശമ്പളം, അലവന്‍സുകള്‍ സംബന്ധിച്ച ഭേദഗതി ബില്‍ തുടങ്ങിയവ പരിഗണിക്കപ്പെടും.
പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഭേദഗതി ബില്‍, മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബില്‍ എന്നിവയും നിയമമാക്കാനാണു സര്‍ക്കാര്‍ പദ്ധതി.
കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.