X

ദേശീയപുരസ്‌കാര ചടങ്ങ്: പങ്കെടുത്ത യേശുദാസിനും ജയരാജിനും സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്ത ഗായകന്‍ യേശുദാസിനും സംവിധായകന്‍ ജയരാജിനും വിമര്‍ശനങ്ങളുടെ പെരുമഴ. സിനിമാ മേഖലയിലെ മുതിര്‍ന്ന താരങ്ങള്‍ മൗനം പാലിച്ചപ്പോള്‍ പുതുതലമുറവിമര്‍ശനവുായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം രൂക്ഷമാണ്.

സംവിധായകന്‍മാരായ കമലും ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും വിമര്‍ശനവുമായി രംഗത്തെത്തി. മാതൃകയാവേണ്ടവരാണ് യേശുദാസും ജയരാജെന്നും കമല്‍ കുറ്റപ്പെടുത്തി. ഭരണകൂടത്തിന്റെ ജീര്‍ണ്ണതകളെ എതിര്‍ക്കാതെ അനീതിയെ നേരിട്ട സഹപ്രവര്‍ത്തകരെ ചതിക്കുന്ന രീതിയാണ് ജയരാജിന്റെയും യേശുദാസിന്റെയും നടപടിയെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ഈ നടപടിയില്‍ രണ്ടുപേരോടും തനിക്ക് സഹതാപമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യേശുദാസിനേയും ജയരാജിനേയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ സിബി മലയിലും പറഞ്ഞിരുന്നു. അവാര്‍ഡ് നിരസിച്ചവര്‍ക്ക് പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജോയ്മാത്യുവും നടന്‍ ഹരീഷ് പേരടിയും യേശുദാസിനും ജയരാജിനും പിന്തുണയുമായെത്തി. അവാര്‍ഡ് വാങ്ങിയതില്‍ തെറ്റില്ലെന്നാണ് ഇവരുടെ വാദം. പുരസ്‌കാരം വിതരണം ചെയ്ത കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍രവിയും രംഗത്തെത്തി. അവരുടെ ധാര്‍ഷ്ട്യമാണ് സംഭവത്തിനു പിന്നിലെന്ന് മേജര്‍ രവി തുറന്നടിച്ചു.

ഇന്നലെ നടന്ന ചടങ്ങില്‍ നിന്ന് ഫഹദ് ഫാസില്‍, പാര്‍വ്വതി, ദിലീഷ് പോത്തന്‍, അനീസ് കെ മാപ്പിള തുടങ്ങി 66 താരങ്ങള്‍ വിട്ടുനിന്നു. മലയാളത്തില്‍ നിന്നും യേശുദാസ്, സംവിധായകന്‍ ജയരാജ് എന്നിവര്‍ മാത്രമാണ് അവാര്‍ഡ് സ്വീകരിച്ചത്.

chandrika: