ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ബിജെപിയ്ക്കുള്ളില്‍ ഭിന്നത. ബിജെപി നേതാവ് ബി. എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഭിന്നത മറനീക്കി പുറത്തു വന്നത്. സര്‍ക്കാരിനെതിരെയുള്ള തന്ത്രങ്ങള്‍ മെനയാനാണ് പ്രത്യേക യോഗം ബിജെപി അധ്യക്ഷനായ യെദ്യൂരപ്പ വിളിച്ചു ചേര്‍ത്തത്. എംഎല്‍എ-എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. കോണ്‍ഗ്രസ് ക്യാമ്പിലുണ്ടായ ചലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നു യെദ്യൂരപ്പ അനുഭാവികള്‍ യോഗത്തില്‍ അറിയിച്ചു.
നോര്‍ത്ത് കര്‍ണാടകയില്‍ നിന്നുള്ള ലിംഗായത്ത് എംഎല്‍എമാരുടെ നിലപാടില്‍ ഇവര്‍ നീരസം പ്രകടിപ്പിച്ചു. എതിര്‍ പാളയത്തില്‍ നിന്നും 14 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയു എന്നു ചിലര്‍ വാദിച്ചു. ഭരണത്തിലേറാന്‍ ശ്രമം നടത്തേണ്ടതുണ്ടെന്നും ചിലര്‍ യോഗത്തില്‍ വ്യക്തമാക്കി.
എന്നാല്‍, സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച ഒറ്റകക്ഷി ബിജെപിയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വേണം മുന്നോട്ടു പോകാന്‍. ഭരണത്തിനെതിരെ വികാരം ഉയര്‍ത്തിവിട്ട് പാര്‍ട്ടിയുടെ മുഖം വികൃതമാക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു. കലഹമുള്ള ഒരു സര്‍ക്കാരിനും അധികം പിടിച്ചു നില്‍ക്കാനാവില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതേസമയം, യെദ്യൂരപ്പയുടെ സര്‍ക്കാര്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിഭാഗം പിന്തുണ അറിയിച്ചു.
കുമാരസ്വാമി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പു മന്ത്രിയും കമ്മീഷന്‍ ഏജന്റുമാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യാതൊരു നയവുമില്ലാതെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയും മന്ത്രിമാരും തല്‍സ്ഥാനത്തു നിന്നും സ്ഥലം മാറ്റുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു. സര്‍ക്കാരിന്റെ കാര്‍ഷിക വായ്പ തട്ടിപ്പാണെന്നും ബിജെപി ആരോപിച്ചു.