ചേരാപുരം: വേളം പുത്തലത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ പുളിഞ്ഞോളി നസീറുദ്ദീന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റ്യാടി പൊലീസ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. ഏഴ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതിന് കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ്.
തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍, കൊലപാതക വിവരം മറച്ചുവെക്കല്‍ എന്നീ കുറ്റങ്ങളാണ് മൂന്നു മുതല്‍ ഏഴു വരെ പ്രതികളായ നടുപുത്തലത്ത് റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, കുന്ന്യേലത്ത് മുഹമ്മദ്, ചമ്പേങ്കോട്ടുങ്ങല്‍ സാദിഖ്, രാമത്ത് സാബിത്ത് എന്നിവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. പ്രതികളില്‍ അഞ്ചു പേരെ നേരത്തെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. അഞ്ചാം പ്രതി കുന്ന്യേലത്ത് മുഹമ്മദ്, ഏഴാം പ്രതി രാമത്ത് സാബിത്ത് എന്നിവര്‍ സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
106 സാക്ഷികളുടെ പേരുകളും ആറോളം രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. നാല് വാഹനങ്ങളും ആയുധങ്ങളും തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കി. 2016 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീന്‍ ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.