X

‘ന്യൂനപക്ഷ സംരക്ഷകരായി വന്നവര്‍ എന്റെ മകനെ കൊന്നു’; പ്രതികരിച്ച് നസീറുദ്ദീന്റെ പിതാവ്

കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്നവര്‍ തന്റെ മകനെ കൊന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. നസീറുദ്ദീന്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധി വന്നതിനു പിന്നാലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അസീസ്.
കേസില്‍ അഞ്ചു പ്രതികളെ വെറുതെ വിട്ടതില്‍ ദുഃഖമുണ്ട്. മകന്റെ കൊലപാതകത്തില്‍ അവര്‍ കൂട്ടു നിന്നവരാണ്. അവര്‍ക്കു കൂടി ശിക്ഷ വാങ്ങി നല്‍കാനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. അതേസമയം അല്ലാഹുവിനാണ് സ്തുതിയെന്ന് മാതാവ് ശാക്കിറ പ്രതികരിച്ചു.
ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെ കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാറാണ് കുറ്റക്കാരാണെന്ന് വിധിച്ചത്. ശിക്ഷ ഈ മാസം 30ന് വിധിക്കും. ഏഴ് പ്രതികള്‍ ഉള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു.
2016 ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം. യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനായ നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഷീര്‍, അന്ത്രു എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കല്‍, കൊലപാതകം ഒളിച്ചുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

chandrika: