X

പൊലീസുകാരന്റെ ജീവനേക്കാള്‍ വില പശുവിനോ: നസീറുദ്ദീന്‍ ഷാ മക്കളുടെ കാര്യത്തില്‍ ഭയപ്പെടുന്നു

ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട് ഭരണകൂട നിലപാടുകളെ വിമര്‍ശിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ.
ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവന് കൊടുത്തത് നമ്മള്‍ കണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നിയമം കയ്യിലെടുത്താലും ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യമാണ് അക്രമികള്‍ക്കുള്ളതെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു നസീറുദ്ദീന്‍ ഷായുടെ പ്രതികരണം.
ഇന്ത്യന്‍ സമൂഹത്തില്‍ ഗുരുതരമായ ഒരു വിഷം കലര്‍ന്നിരിക്കുകയാണെന്നും ഇതിനെ തിരിച്ചുപിടിച്ച് കുപ്പിയിലാക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നതെന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കുന്ന ഒരു കൂട്ടം ആക്രമാസക്തരായ ആള്‍ക്കൂട്ടത്തിന് നടുവിലാണ് അവര്‍ ജീവിക്കുന്നതെന്നതാണ് തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന ചോദ്യത്തിന് തന്റെ മക്കള്‍ക്ക് ഒരു ഉത്തരം നല്‍കാനാവില്ലെന്നും തങ്ങള്‍ അവര്‍ക്ക് അത്തരത്തിലൊരു മതമോ മതവിദ്യാഭ്യാസമോ നല്‍കിയിട്ടില്ല.
ഞാന്‍ വളരെ ദേഷ്യത്തിലാണെന്നും ശരിയില്‍ വിശ്വസിക്കുന്ന ഓരോ മനുഷ്യനും ഈ അവസരത്തില്‍ ദേഷ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

chandrika: