നസീല്‍ വോയിസി
ആരെയെങ്കിലും സഹായിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടൊന്നുമല്ല. പക്ഷേ ആകെ വൃത്തിക്ക് അറിയാവുന്ന പണി, അന്നം തരുന്ന പണി, ”ജസ്റ്റ് ചെറിയൊരു ഹെല്‍പ്പ്” മാത്രമായി പോവുന്നത് കാണുന്നത് കൊണ്ടും കുറച്ചൊക്കെ അനുഭവിക്കേണ്ടി വരുന്നതും കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വരുന്നത്.
ഇടയ്ക്ക് ഓരോ വിളിയും മെസേജുമൊക്കെ വരും. ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷമാവും വിളിക്കുന്നതും മെസേജ് അയക്കുന്നതുമൊക്കെ. സുഖാണോ എന്നൊക്കെ ചോദിച്ച് പെട്ടെന്ന് അടുത്ത കാര്യത്തിലെത്തും ”എടാ, ചെറിയൊരു ഹെല്‍പ്പ് വേണം. ഒരു ക്യാപ്ഷന്‍ വേണം. രണ്ടു മൂന്ന് വരി മതി. ജസ്റ്റ് ഒന്നാലോചിച്ച് നല്ല റണ്ട് മൂന്ന് ഓപ്ഷന്‍ താ” സാഹചര്യങ്ങള്‍ക്കനുസരിച്ച് അതൊരു ‘ജസ്റ്റ് ചെറിയൊരു ഫീച്ചര്‍’, സ്ഥാപനത്തിന് ‘ജസ്റ്റ് ചെറിയൊരു പേര്’, നോട്ടീസിലടിക്കാന്‍ ‘ജസ്റ്റ് കുറച്ചൊരു കണ്ടന്റ്’ എന്നിങ്ങനെയൊക്കെ ആവും.
അഞ്ച് പത്ത് മിനുറ്റ് കൊണ്ട്, ഒരുപക്ഷേ അര ദിവസം കൊണ്ട്, അല്ലെങ്കില്‍ ഒരു ദിവസം കൊണ്ടൊക്കെ ഇപ്പറഞതൊക്കെ ചെയ്ത് കൊടുക്കാനും പറ്റും. അതോടെ ആവശ്യം കഴിഞ്ഞു. പിന്നെ സലാമടിക്കും. ചെയ്യുന്ന പണിക്ക് കൂലിയോ? എയ്, ഇത് ‘ജസ്റ്റ് ചെറിയൊരു ഹെല്‍പ്പല്ലേ’, അതിനെക്കുറിച്ച് മിണ്ടുകയേ ഇല്ല. ഇനിയഥവാ കൂലി ചോദിച്ചാല്‍, തന്നാല്‍ ”ഈ ചെറിയ പണിക്ക് ഇത്രയും പൈസയോ” എന്ന കമന്റുണ്ടാവും. (ചോദിക്കാനറിയാത്തോണ്ട് കിട്ടാതെ പോയതാണ് ഏറെയും, ഇപ്പോഴുമതേ 🙂 )
ഈ കുറഞ്ഞ നേരം കൊണ്ട് ഇതെങ്ങനെയാ ചെയ്യുന്നതെന്ന് ഇവരെന്നെങ്കിലും ഓര്‍ക്കുന്നുണ്ടോ ആവോ? ഇല്ലെങ്കില്‍ ഈ വായിക്കുന്നവരെങ്കിലും ഓര്‍ക്കണം. അഞ്ചോ പത്തോ മിനുറ്റ് കൊണ്ട് ഒരാള്‍ നല്ലൊരു ക്യാപ്ഷന്‍ തരുന്നുണ്ടെങ്കില്‍,അര ദിവസം കൊണ്ട് ഒരു കുറിപ്പോ ഫീച്ചറോ തരുന്നുണ്ടെങ്കില്‍, ഒരു ഡിസൈന്‍ തരുന്നുണ്ടെങ്കില്‍ അയാളുടെ ഒരുപാട് വര്‍ഷത്തെ ആലോചനകളും ചിന്തകളും യാത്രകളും വായനകളുമൊക്കെ കൂട്ടിപ്പിഴിഞ്ഞതിനെ ഫലമാണത്. അയാളുടെ കുറേ ഉറക്കമില്ലാത്ത രാത്രികളും സിനിമകാണലുകളും എന്നിങ്ങനെ അയാളുടെ അനുഭവങ്ങളുടെ ആകെ ഫലം. അതാണ് ജസ്റ്റ് ചെറിയൊരു ഹെല്‍പ്പ് ആയി ഓസായിപ്പോവുന്നത്. കിട്ടുന്നവന് അത് കുറച്ച് നേരം കൊണ്ട് എളുപ്പം ചെയ്‌തെടുക്കാവുന്ന പണിയായൊക്കെ ആയിതോന്നാം, പക്ഷേ ഒരാളുടെ ഉള്ള് കിടന്ന് കുറേ വിയര്‍ത്തതിന്റെ, വിയര്‍ക്കുന്നതിന്റെ ഉപ്പുരസത്തില്‍ നിന്ന് വേരെടുത്തതാണ് ചങ്ങാതീ ആ ഫലം.
കൂടെ പണിയെടുത്തിരുന്ന, ചങ്ങാതിമാരായ ആര്‍ട്ടിസ്റ്റ്മാരില്‍ പലരും ഇങ്ങനെ ഊറ്റിയെടുക്കപ്പെട്ടവരായിരുന്നു. രാത്രി ഉറക്കമിളച്ചിരുന്നും കണ്ണില്‍ കണ്ട ഡിസൈനിലും സിനിമാ പോസ്റ്ററിലും പറമ്പിലുമൊക്കെ നോക്കിയിരുന്നും പുസ്തകം വായിച്ചുമൊക്കെ അവരുടെ മനസ്സില്‍ രൂപപ്പെട്ട പല അച്ചുകളും ജസ്റ്റ് ചെറിയൊരു ഹെല്‍പ്പായി പോവുന്നത് കാണാറുണ്ട്. മണിക്കൂറുകളോളം കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരുന്ന അവര്‍ക്ക് ബാക്കിയാവുന്നത് തലവേദനയും ഉറക്കമൊഴിക്കലും.
ഏജന്‍സികളില്‍ പോയാല്‍ പതിനായിരങ്ങളും ലക്ഷങ്ങളും വിലകൊടുക്കേണ്ടി വരുന്ന കണ്ടന്റും ഡിസൈനുകളുമൊക്കെയാണ് ഈ ജസ്റ്റ് വെറും ഹെല്‍പ്പുകളായി നിങ്ങള്‍ക്ക് കിട്ടുന്നതെന്ന് എപ്പോഴെങ്കിലുമൊക്കെ ഒന്നോര്‍ക്കണം. കുറേ അലഞ്ഞും ആലോചിച്ചുമൊക്കെ മനസ്സിലിങ്ങനെ ഉരുത്തിരിഞ്ഞ അക്ഷരങ്ങളും വാക്കുകളും പ്രയോഗങ്ങളുമൊക്കെയാണ് ‘ജസ്റ്റ് അഞ്ചു മിനുറ്റിന്റെ പണിയായി’ നിങ്ങള്‍ വിധിയെഴുതുന്നത്. തൊണ്ണൂറ് സെക്കന്റിന്റെ സ്‌ക്രിപ്റ്റില്‍ മുഴുവന്‍ മെസേജും വേണമെന്നൊക്കെ പറയുമ്പോള്‍ തൊണ്ണൂറായിരം ഞരമ്പ് മുറുകിയാണ് അതുണ്ടാവുന്നതെന്ന് വല്ലപ്പോഴുമൊക്കെ സ്മരിക്കണം.
”ഈഫ് യു ആര്‍ ഗുഡ് അറ്റ് സംതിങ്ങ്, നെവര്‍ ഡു ഇറ്റ് ഫോര്‍ ഫ്രീ” എന്നൊക്കെ ഇടയ്ക്ക് സ്വയം ഗുമ്മിന് പറയുമെന്നേയുള്ളൂ. ഇപ്പണിക്ക് കൂലി ചോദിച്ചു വാങ്ങാനറിയാത്തതുകൊണ്ടാണ്. ശരിക്കും അറിയാത്തത് കൊണ്ടാണ് എഴുതേണ്ടി വന്നത്.