X

അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല പിളര്‍ന്നു: ഭീകര ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്‍പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്‍കരയില്‍ നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ആയ ഡെലാവെയര്‍ ദ്വീപിനെക്കാള്‍ വലിപ്പം വരുന്ന മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നും വേര്‍പിരിയുന്നതിന്റെ സമീപ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്.

ഗ്രീന്‍ലാന്റില്‍ നിന്നും ഒരു വര്‍ഷം മൊത്തം അലിഞ്ഞു പോകുന്ന മഞ്ഞിന്റെ നാലിരട്ടിയോളം വരും പിളര്‍ന്ന മലയുടെ വലിപ്പം. മഞ്ഞുമലകളുടെ പഠനത്തിനായി ഗവേഷകര്‍ പര്യടനം നടത്തുമ്പോളായിരുന്നു ഭീകരമായ പിളര്‍പ്പ് നടന്നത്.

‘ശരിക്കും ഭയാനകമായ നിമിഷമായിരുന്നു അത്. ഞങ്ങള്‍ അന്റാര്‍ട്ടിക്കയുടെ മുകളിലൂടെ പറക്കുകയായിരുന്നു. പിളര്‍ന്ന മല അന്റാര്‍ട്ടിക്കയുടെ തന്നെ ഭാഗമായിട്ടാണ് അപ്പോള്‍ തോന്നിയത്. അസമയത്താണ് മല പിളര്‍ന്നത്. ഇത്രയും വലിയ പിളപ്പ് മനോഹരവും എന്നാല്‍ ഭയാനകവുമായ കാഴ്ചയായിരുന്നു.’ – നാസയുടെ മഞ്ഞുമലയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഓപറേഷന്‍ തലവന്‍ നതാന്‍ കുര്‍ട്സ് പറഞ്ഞു.

അടര്‍ന്നു മാറിയ കൂറ്റന്‍ മഞ്ഞുപാളിക്ക് 1.12 ട്രില്ല്യണ്‍ ടണ്‍ ഭാരമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആഗോള താപനമാണ് ഈ മഞ്ഞുപാളിക്ക് വിള്ളലുണ്ടാകാന്‍ കാരണമെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അന്റാര്‍ട്ടിക്ക വന്‍കര ഒന്നാകെ ഉരുകിത്തീര്‍ന്ന ലോകമെങ്ങും വെള്ളത്തിലാവുന്ന കാലം വിദൂരമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. രണ്ടു മാസം മുമ്പ് മാന്‍ഹട്ടന്‍ നഗരത്തേക്കാള്‍ വലിപ്പമേറിയ മറ്റൊരു മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ നിന്ന് വേര്‍പ്പെട്ടിരുന്നു.

നേരത്തെ ജൂലൈയില്‍ സാറ്റലൈറ്റ് വഴി 2200 ചതുരശ്ര മൈല്‍ വലിപ്പമുള്ള ലാര്‍സെന്‍ സി ഐസ് തട്ടിലെ എ68 എന്നറിയപ്പെടുന്ന മഞ്ഞുമലയില്‍ മഞ്ഞുകട്ടകള്‍ അടര്‍ന്നു പോരുന്നതും ഇതു പിളരാനുള്ള സാധ്യതയും അടങ്ങുന്ന ചിത്രം ലഭിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എ68 മഞ്ഞുമലയുടെ വിള്ളല്‍ 100 മൈല്‍ അധികമായെന്നാണ് കണ്ടെത്തല്‍.ഏതു സമയവും ഇതും പൊട്ടിയടര്‍ന്നു പോകാവുന്ന അവസ്ഥയിലാണിപ്പോള്‍.

chandrika: