നാസയുടെ ‘ടെസ്’ 16ന് പറന്നുയരും
വാഷിംഗ്ടണ്‍: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ബഹിരാകാശ ദൗത്യം ഈ മാസം 16ന് പറന്നുയരും. സൗരയുഥത്തിന് പുറത്ത് ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ പുതിയ പദ്ധതിയാണിത്. കേപ് കാനവറല്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് വിക്ഷേപണമെന്ന് നാസ അറിയിച്ചു. ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായുള്ള നാസയുടെ കെപ്ലര്‍ മിഷന്‍ പദ്ധതിയുടെ തുടര്‍ച്ചയാണ് ഈ ഉദ്യമം. നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളിലെ ജീവസാധ്യത വിലയിരുത്തുകയാണ് ലക്ഷ്യം. അതിവിദൂര പ്രപഞ്ചത്തിലെ തിളക്കമേറിയ നക്ഷത്രങ്ങളെ ചുറ്റുന്ന ചെറിയ ഗ്രഹങ്ങളെ പോലും ടെസ് കണ്ടെത്തും. ഇന്ധനം തീര്‍ന്നതോടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി താമസിയാതെ പ്രവര്‍ത്തന രഹിതമാവുമെന്ന് നാസ അറിയിച്ചിരുന്നു. നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് കെപ്ലര്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.