X

യു.എസ് തെരഞ്ഞെടുപ്പ്: ബഹിരാകാശത്തു നിന്ന് വോട്ടു ചെയ്ത് ഷെയ്ന്‍ കിംബ്രോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് ബഹിരാകാശത്തു നിന്ന്. ബഹിരാകാശ യാത്രികന്‍ ഷെയ്ന്‍ കിംബ്രോയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഇക്കാര്യം സ്ഥിരീകരിച്ചു. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു അയച്ചു നല്‍കിയ ഇലക്ട്രോണിക് ബാലറ്റിലാണ് യാത്രികന്‍ ഭൂമിക്കു പുറത്തു നിന്ന് വോട്ടു ചെയ്തത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പര്‍ ഇ-മെയില്‍ വഴി അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു.

നാലു മാസത്തെ ഗവേഷണത്തിനായി ഒക്ടോബര്‍ 19നാണ് കിംബ്രോ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. രണ്ടു റഷ്യന്‍ യാത്രികരും കിംബ്രോക്കൊപ്പമുണ്ടാകുന്നു.
1997 മുതല്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ക്ക് ബഹിരാകാശത്തു നിന്നു വോട്ടു ചെയ്യാനുള്ള സൗകര്യം നാസ ഒരുക്കിയിരുന്നു. ശാസ്ത്രജ്ഞനായ ഡേവിഡ് വോള്‍ഫാണ് ബഹിരാകാശത്തു നിന്ന് ആദ്യമായി വോട്ടു ചെയ്ത അമേരിക്കന്‍ പൗരന്‍.

chandrika: