കലാപങ്ങള്‍ അവയെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും മേലുള്ള പോരാട്ടം കൂടിയാണെന്ന് പോള്‍ ബ്രാസ് നിരീക്ഷിക്കുന്നുണ്ട്. കൊളോണിയല്‍ കാലം മുതല്‍ക്കേ നിലനിന്നിരുന്ന അത്തരത്തിലുള്ള ആഖ്യാനത്തെ ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ വര്‍ഗീയതയെ കുറിച്ചുള്ള പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദിമ കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ഹിന്ദു-മുസ്‌ലിം സമുദായങ്ങളെയും അവര്‍ തമ്മില്‍ നിലനില്‍ക്കുന്ന അനാദിയായ വൈരത്തെയും കുറിച്ചുള്ള ആഖ്യാനം ആണത്. കലാപങ്ങളെ കുറിച്ചുള്ള സത്താപരമായ വീക്ഷണം ആണ് ഇതെന്ന് പറയാം.
അതായത് എല്ലാ കാലത്തും ഒരുപോലെ നിലനില്‍ക്കുന്ന ഒരേ സ്വഭാവം പ്രകടിപ്പിക്കുന്ന ഒന്നായി കലാപങ്ങളെ അവ രേഖപ്പെടുത്തുന്നു. ഹിന്ദു -മുസ്‌ലിംകള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന ശത്രുത മതാഘോഷയാത്ര പോലുള്ള പ്രത്യേക സന്ദര്‍ഭത്തില്‍ ശക്തിപ്പെടുന്നു. അങ്ങനെ അവ ഉദ്ദീപിക്കപ്പെട്ട് അണപൊട്ടിയൊഴുകി വര്‍ഗീയ കലാപങ്ങള്‍ സ്വതസിദ്ധമായി രൂപപ്പെടുന്നു എന്നതാണീ വീക്ഷണം പറഞ്ഞുവെക്കുന്നത്. അതേസമയം ലിബറല്‍ ദേശീയവാദ/ മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങള്‍ സാമ്പത്തികമായ കാരണങ്ങള്‍കൊണ്ട് ഇന്ത്യയിലെ കലാപം എന്ന് വിളിക്കപ്പെട്ട സംഭവങ്ങളെ വിശദീകരിക്കാന്‍ ശ്രമിച്ചു. ഹിന്ദുത്വ ദേശീയവാദികളാകട്ടെ മുസ്‌ലിം സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രശ്‌നമായി കലാപങ്ങളെ അടയാളപ്പെടുത്തി. കലാപാനന്തരം പ്രസ്തുത സംഭവങ്ങളെ വിശദീകരിക്കാന്‍ രൂപപ്പെട്ട വിവിധ വിശദീകരണ ശ്രമങ്ങളാണ് ഇവയെല്ലാം. പ്രസ്തുത വിശദീകരണങ്ങളുടെ പരിമിതി കിടക്കുന്നത് കലാപത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന ചോദ്യവുമായി ബന്ധപ്പെട്ടാണ്. 1921ലെ വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട് ആ ചരിത്ര സംഭവത്തിനെ ട്രാജഡി എന്ന് നാമകരണം ചെയ്യുന്നതിനെ ഷംഷാദ് ഹുസൈന്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളെ ആണ് ട്രാജഡി എന്ന് നാമകരണം ചെയ്യുക. അത്തരം സംഭവങ്ങള്‍ മനുഷ്യരുടെ കരങ്ങള്‍ക്കും അപ്പുറം നടക്കുന്ന സംഭവവികാസങ്ങളെ സൂചിപ്പിക്കുന്ന ഒന്നാണ്. അങ്ങനെ കൊളോണിയല്‍ ഭരണകൂടത്തിന്റെ പ്രസ്തുത സംഭവത്തിലെ ഹിംസാത്മകമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്ന പദവിന്യാസം ആണിത്. കാരണം ആ സംഭവം യഥാര്‍ഥത്തില്‍ വാഗണ്‍ കൂട്ടക്കൊല ആയിരുന്നു.
അതുപോലെ ‘കലാപ’ത്തെ പ്രതിരൂപം കൊണ്ട് വിശദീകരണരീതികള്‍ ഹിംസയുടെ ഉത്തരവാദിത്വത്തെ ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഇടയില്‍ തുല്യമായി വീതിക്കുകയും ഇരകളും വേട്ടക്കാരും തമ്മിലുള്ള വിഭജനരേഖകളെ മറക്കുകയും ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സംഭവിച്ച ‘കലാപ’ങ്ങളെ പരിശോധിച്ചാല്‍ അതില്‍ കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരാണെന്നുകാണാം. പ്രസ്തുത ‘കലാപ’ങ്ങള്‍ക്ക് ശേഷം അവയെ വിശദീകരിക്കാ ന്‍ ഭരണകൂടവും മാധ്യമങ്ങളും ഉപയോഗിച്ച ഭാഷാപ്രയോഗങ്ങള്‍ ഹിംസയുടെ ഉത്തരവാദിത്തത്തെ തുല്യമായി വിഭജിച്ചു വിതരണം ചെയ്യുന്ന യുക്തികളിന്മേല്‍ സ്ഥാപിക്കപ്പെട്ടതായി കാണാം.
1990കളില്‍ ബിഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടതില്‍ 93 ശതമാനവും ന്യൂനപക്ഷ സമുദായത്തില്‍പെട്ട മുസ്‌ലിംകളായിരുന്നു. ഹിന്ദുക്കളുടെ ഒരു ദേവാലയത്തിന് പോലും യാതൊരുവിധ തകരാറുകളും സംഭവിച്ചതിന് യാതൊരു തെളിവുമില്ലാത്ത സാഹചര്യത്തിലും ബിഹാര്‍ മുഖ്യമന്ത്രി സംസാരിച്ചത് തകര്‍ക്കപ്പെട്ട മുസ്‌ലിം ആരാധനാലായങ്ങളെയും ഹിന്ദു ആരാധനാലായങ്ങളെയും കുറിച്ചാണ്. പത്രപ്രവര്‍ത്തകയായ നളിനി സിങ് ഭഗല്‍പൂര്‍ ആക്രമണങ്ങളോട് അനുബന്ധിച്ച് നിര്‍മിച്ച ഡോക്യൂമെന്ററിയില്‍ ഹിന്ദുക്കള്‍ ഇരയായ ജമല്‍പൂരിനെയും മുസ്‌ലിംകള്‍ ഇരയായ ലോഗൈനിനെയും ഒരുപോലെ ഹിംസകള്‍ നടമാടിയ സ്ഥലമായാണ് അവതരിപ്പിച്ചത്. ജമല്‍പൂരില്‍ കൊല്ലപ്പെട്ടത് നാല് പേരും ലോഗൈനില്‍ കൊല്ലപ്പെട്ടത് നൂറ്റിപത്തു പേരും ആയിരുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ ആയിരുന്നു ഈ സമീകരണം.
പൗരത്വ പ്രക്ഷോഭങ്ങളുടെ കാലത്ത് നടന്ന ഡല്‍ഹി വംശഹത്യയുടെ സമയത്ത് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ഏകപക്ഷീയമായ ഡല്‍ഹി ആക്രമണങ്ങളെ കലാപം എന്നാണ് വിളിച്ചത്. ഈ ഹിന്ദു മുസ്‌ലിം കലാപം ഇരു സമുദായങ്ങളുടെയും ഹിംസാത്മകമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്ഭവിച്ചത് ആണെന്ന് അദ്ദേഹം കുറിച്ചു. പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ഒരു ട്വീറ്റില്‍ ഷാഹിന്‍ ബാഗിലെ സമാധാനപരമായ മുസ്‌ലിം സ്ത്രീ പ്രതിഷേധത്തെയും ഹിന്ദുത്വ നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രസംഗങ്ങളെയും കലാപത്തിന്റെ ആവിര്‍ഭാവത്തിന്റെ ചെറിയ ട്രിഗറുകള്‍ ആയി ഒരുപോലെ അദ്ദേഹം അടയാളപെടുത്തുന്നത് കാണാം.
ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഇടയില്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്വത്തെ തുല്യമായി വിഭജിക്കുന്ന യുക്തികള്‍ ഇവിടെ പ്രകടമാണ്. കലാപങ്ങളുടെ ഉത്തരവാദിത്വത്തെ പറ്റിയുള്ള തുല്യവിഭജനത്തിന്റെ ഇത്തരം വിശകലന യുക്തികളെ ദീര്‍ഘകാലം കലാപങ്ങളെ ആഴത്തില്‍ പഠിച്ച പൊളിറ്റിക്കല്‍ സയന്റിസ്റ്റായ പോള്‍ ബ്രാസ് പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. The Production Of Hindu Muslim Violence In India എന്ന പഠനത്തിലൂടെ അദ്ദേഹം ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട കലാപ സംവിധാനത്തെ ചൂണ്ടികാണിക്കുന്നു. സ്വതസിദ്ധമായോ ആകസ്മികമായോ രൂപപ്പെടുന്നതല്ല മറിച്ചു കൃത്യമായ രാഷ്ട്രീയ സാമൂഹ്യ കണക്കു കൂട്ടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥാപനവത്കരിക്കപ്പെട്ട ഒന്നാണ് ഇന്ത്യയിലെ കലാപങ്ങള്‍ എന്ന് പോള്‍ ബ്രാസ് നിരീക്ഷിക്കുന്നു. പ്രധാനമായും ഹിന്ദുത്വ ദേശീയതയും എന്നാല്‍ അതോടൊപ്പം ഇതര രാഷ്ട്രീയ ഗ്രൂപ്പുകളും ഉപയോഗിക്കുന്ന ഒന്നാണ് സ്ഥാപനവല്‍ക്കരിക്കപ്പെട്ട കലാപ സംവിധാന (Institutionalised riot system) മെന്ന് അദ്ദേഹം തുടരുന്നു. സമകാലിക ഇന്ത്യയില്‍ നടന്ന വംശഹത്യകള്‍ വികാരഭരിതരായ ആള്‍ക്കൂട്ടത്തിന്റെ ബഹിര്‍ഗമനമല്ല മറിച്ചു ഹിന്ദുത്വയുടെ രാഷ്ട്രീയ പദ്ധതിയുടെ ആസൂത്രിത ഉല്‍പന്നങ്ങളും ഉപകരണങ്ങളും ആണ്.
ഗുജറാത്ത് വംശഹത്യയുടെ കാലഘട്ടത്തില്‍ അഹമ്മദാബാദ് നഗരത്തില്‍ നടന്ന സൈനിക സമാനമായ ഹിന്ദുത്വ ആക്രമണങ്ങളെ കുറിച്ച് ക്രിസ്റ്റഫര്‍ ജെഫര്‍ലോട്ട് പരാമര്‍ശിക്കുന്നുണ്ട്. പതിനായിരം പേര്‍ വരെ അണിനിരന്ന ഇത്തരം സംഘങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ട്രക്കുകളില്‍ വന്നിറങ്ങുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. മുസ്‌ലിം വീടുകളുടെയും കടകളുടെയും ലിസ്റ്റും കയ്യിലേന്തി കൊണ്ടാണ് ഈ പ്രദേശങ്ങളിലേക്ക് സംഘ്പരിവാര്‍ ഭീകരര്‍ കടന്നുവന്നതെന്ന് ജെഫേര്‍ലോട്ട് സൂചിപ്പിക്കുന്നുണ്ട്. പ്രിന്റ് ചെയ്ത ലിസ്റ്റുകള്‍ വോട്ടര്‍ പട്ടിക അടക്കമുള്ള രേഖകളില്‍ നിന്നാണ് ശേഖരിച്ചതെന്നു വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാവ് പിന്നീട് വിശദീകരിക്കുന്നുണ്ട്.
ഡല്‍ഹി വംശഹത്യയുടെ കാലഘട്ടത്തിലും സമാനമായ ആക്രമണങ്ങള്‍ കാണാം. സമകാലിക ഇന്ത്യയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട രാജസ്ഥാനിലെ കരൗളിയിലെ കത്തിയെരിഞ്ഞ ഉസ്മാന്റെ കടയും ചേര്‍ന്ന് കിടക്കുന്ന ഒന്നും സംഭവിക്കാത്ത രവിയുടെ കടയും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ നേര്‍ച്ചിത്രം കൂടിയാണ്. എട്ടോളം സംസ്ഥാനങ്ങളിലാണ് രാമനവമിയുടെ കാലയളവില്‍ മുസ്‌ലിം സമുദായത്തിനും പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. ആകസ്മികമായി ഉണ്ടായതല്ല മറിച്ചു കൃത്യമായ ആസൂത്രണത്തോടെ പൊലീസിന്റെ പിന്തുണയോടെയാണ് പലയിടങ്ങളിലും ആക്രമണം ഉണ്ടായത്. അതിനാല്‍ തന്നെ ഇത്തരം വംശഹത്യ ശ്രമങ്ങളെ സാമ്പത്തികമായ കാരണങ്ങള്‍ കൊണ്ടോ ഹിന്ദു മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശത്രുത കൊണ്ടോ വിശദീകരിക്കുന്നതിലും അഭികാമ്യം ഹിന്ദുത്വയുടെ രാഷ്ട്രീയ പദ്ധതിയുടെ ആസൂത്രിത ഉത്പന്നമായി അടയാളപെടുത്തുന്നതാണ്. ഹിന്ദുത്വയുടെ ഈ രാഷ്ട്രീയ പദ്ധതി നില്‍ക്കുകുന്നതാക്കട്ടെ മുസ്‌ലിം വിരുദ്ധ വംശീയത അതായത് ഇസ്‌ലാമോ ഫോബിയയില്‍ ആണ്.
അലിഗഢ് നഗരത്തിലെ ഹിന്ദുത്വ പ്രോജക്ടിന് മുസ്‌ലിം പ്രതീകമായ അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ അനിവാര്യത പോള്‍ ബ്രാസ് ചൂണ്ടികാട്ടുന്നുണ്ട്. മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ചിഹ്നങ്ങളെ അപരവത്കരിച്ചുകൊണ്ടാണ് സമകാലിക ഇന്ത്യയിലെ ഹിന്ദുത്വ പ്രോജക്ട് പ്രവര്‍ത്തിക്കുന്നത്. ഈ മുസ്‌ലിം ചിഹ്നങ്ങള്‍ ആകട്ടെ ഹിന്ദുത്വയുടെ പ്രോജക്ടിന് അനിവാര്യവുമാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ മുസ്‌ലിംകളെ വംശീയവത്കരിച്ചുകൊണ്ടാണ് ഹിന്ദുത്വ പദ്ധതി നിലകൊള്ളുന്നത്. വംശം അല്ല വംശീയതയെ ഉത്പാദിപ്പിക്കുന്നതെന്നും മറിച്ചു വംശീയത ആണ് വംശത്തെ ഉത്പാദിപ്പിക്കുന്നതെന്നും സല്‍മാന്‍ സയ്യിദ് നിരീക്ഷിക്കുന്നുണ്ട്. ഹിന്ദുത്വ പദ്ധതി അങ്ങനെ മുസ്‌ലിംകളെ വംശീയമായി അടിസ്ഥാനപരമായി തന്നെ ഹിംസാത്മകത ഉള്ള ഒരു വംശമായി രാഷ്ട്രീയ വ്യവഹാരത്തില്‍ സ്ഥാനപ്പെടുത്തുന്നു. അതിന്റെ ലക്ഷ്യമാകട്ടെ വംശഹത്യ എന്നതും.