X
    Categories: MoreViews

കലാപത്തിന്റെ കനലോര്‍മകളില്‍ നരോദ പാട്യ

നാരോദ പാട്യയിൽ നിന്ന് എം അബ്ബാസ്

ഗുജറാത്ത് വംശഹത്യയുടെ നീറുന്ന ഓര്‍മകളൊന്നും നരോദ പാട്യയിലെ തെരുവുകളില്‍നിന്ന് വിട്ടുപോയിട്ടില്ല. മതഭ്രാന്തു തലയില്‍ക്കയറിയ അയ്യായിരത്തോളം വരുന്ന ഹിന്ദുത്വഭീകകര്‍ 97 മുസ്‌ലിംകളെ ചുട്ടുകൊന്നത് ഇവിടെയാണ്. ഗോധ്ര തീവണ്ടി ദുരന്തത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ബന്ദായിരുന്നു അന്ന്; 2002 ഫെബ്രുവരി 28ന്. ബന്ദിന്റെ നിശ്ചലതയ്ക്കിടെ കൈയില്‍ വാളും തൃശൂലങ്ങളുമേന്തി ആക്രോശിച്ചെത്തിയ ഭ്രാന്തമായ ആള്‍ക്കൂട്ടം കണ്ണില്‍ക്കണ്ടതൊക്കെ കൊള്ളയടിച്ചു. വീടുകള്‍ ചുട്ടെരിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്തു. ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് തൃശൂലം കൊണ്ട് കുഞ്ഞിനെ പുറത്തെടുത്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കി നിന്ന, ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന ആ ഭീകരത ഗുജറാത്ത് കലാപത്തിന്റെ കറുത്ത അടയാളമായി.

കലാപത്തിലെ മരണനിരക്കായിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. കലാപം മുസ്‌ലിംകള്‍ക്കിടയില്‍ വിതച്ചിട്ട അരക്ഷിതാവസ്ഥയുടെ വിത്തായിരുന്നു പ്രശ്‌നങ്ങളുടെ കാതല്‍. അതിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷതിത്വത്തിന്റെ മേലാപ്പൊരുക്കാന്‍ സര്‍ക്കാറിന് കഴിയാതെ പോയി. നരോദ പാട്യയിലെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന മായാബെന്‍ കൊട്‌നാനിയാണ് ഈ വംശഹത്യയ്ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത്. ആ ഭീതി പാട്യയില്‍ നിന്ന് ഇനിയും കൂടൊഴിഞ്ഞു പോയിട്ടില്ല. അതിലെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്, അയോധ്യ കേസ് ഈയിടെ സുപ്രീംകോടതി പരിഗണിച്ച വേളയില്‍ ഇവിടെയുള്ള ചില കുടുംബങ്ങള്‍ കൂട്ടത്തോടെ അടുത്ത ദേശങ്ങളിലുള്ള ബന്ധുവീടുകളിലേക്ക് താമസമൊഴിഞ്ഞു പോയ സംഭവം. വിധി മറ്റൊരു കലാപത്തിന് കാരണമായേക്കുമോ എന്ന ഭയമാണ് അവരെ ഇവിടം വിട്ടുപോകാന്‍ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസ് അടക്കം തങ്ങള്‍ക്കു വേണ്ടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒന്നും ചെയ്തില്ല എന്ന പരാതിയാണ് ഈ മുസ്്‌ലിം ഗല്ലിയിലും കേട്ടത്. നരോട മണ്ഡലത്തിലാണ് നരോട പാട്യ എന്ന ചേരി. തൊട്ടപ്പുറത്ത് നരോട ഗാം എന്ന പേരില്‍ മറ്റൊരു ചേരി. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍നിന്നും അഹമ്മദാബാദ് നഗരത്തില്‍ ജീവിതം കരുപ്പിടിപ്പിക്കാനെത്തിയവരുടെ പിന്‍ഗാമികളാണ് ഇവിടെയുള്ളവര്‍. തൊട്ടപ്പുറത്ത് തന്നെയാണ് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കുബേര്‍നഗറും ഗോപിനാഥ്, ഗംഗോത്രി ഹൗസിങ് സൊസൈറ്റികളും. മതാടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനം ഇവിടെ കൃത്യമായി ദൃശ്യമാണ്.

ഇത്തവണ മണ്ഡലത്തില്‍ ആരു ജയിക്കുമെന്ന ചോദ്യത്തിന് സാധാരണ ബി. ജെ. പിയാണ് ജയിക്കുന്നതെന്നായിരുന്നു ഹൈവേയ്ക്കടുത്ത് മൊബൈല്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന രാഹുലിന്റെ മറുപടി. ആരു ജയിക്കുമെന്ന് പറയാനാവില്ല എന്നായിരുന്നു ഓര്‍ഡര്‍ ചെയ്ത ചായ ഗ്ലാസിലേക്ക് പകരവെ ബാഹുഭായിയുടെ പ്രതികരണം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ഇവിടേക്ക് കുടിയേറിയതാണ് അദ്ദേഹം. ആ പറച്ചിലില്‍ അനുഭവപ്പെട്ട നിര്‍വികാരതയില്‍ ആരു ഭരിച്ചിട്ടും തങ്ങള്‍ക്കൊന്നും കിട്ടുന്നില്ലെന്ന പരിഭവം ഒൡപ്പിച്ചുവെച്ചിരുന്നു.

എന്നാല്‍ ഗല്ലികള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് പതാകയും വലിച്ചു കെട്ടി കസേരകളില്‍ കൂട്ടംകൂടിയിരിക്കുന്നവരെയും കാണാനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58,352 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ ബി. ജെ. പിക്കു തന്നെയാണ് മണ്ഡലത്തില്‍ മുന്‍തൂക്കം. എന്നാല്‍ 2007ല്‍ 1,80,442 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കൊട്‌നാനി ഇവിടെ നിന്ന് സഭയിലെത്തിയിരുന്നത്. ഇതാണ് 2102ല്‍ വെറും അമ്പതിനായിരത്തിലേക്ക് താഴ്ന്നത്. കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകവും ഇതാണ്. ഓം പ്രകാശ് തിവാരിയാണ് കോണ്‍ഗ്രസിനായി മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത്. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട സര്‍ദാര്‍ഗ്രാം റെയില്‍വേ സ്റ്റേഷനടുത്തും ഗല്ലികളിലും തിവാരിയുടെ ഫ്‌ളക്‌സുകള്‍ കണ്ടു. അഹമ്മദാബാദ് ജില്ലയില്‍ സമ്പൂര്‍ണമായി നഗരമേഖലയിലുള്ള സീറ്റാണ് നരോദ. 1985ലാണ് ഈ സീറ്റില്‍ ആദ്യമായി ബി. ജെ. പി വിജയിക്കുന്നത്. നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട മായാബെന്‍ കൊട്‌നാനി മൂന്നുതവണ തുടര്‍ച്ചയായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ശിശുക്ഷേമ വകുപ്പു മന്ത്രി നിര്‍മല വധ്‌വാനിക്ക് സീറ്റു നിഷേധിച്ച് ഇത്തവണ കുബേര്‍നഗറില്‍ നിന്നുള്ള മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗം ബല്‍റാം തവാനിക്കാണ് പാര്‍ട്ടി സീറ്റു നല്‍കിയിട്ടുള്ളത്. 1998 മുതല്‍ 2012 വരെ ബി. ജെ. പി വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്ന മണ്ഡലമാണിത്. തവാനിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നേരത്തെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു.

chandrika: