ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദി നാളെ ഉച്ചയോടെ ചൈനക്കു പുറപ്പെടുന്നതിനു മുമ്പ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്ഭവനില്‍ നടക്കും.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നാലു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടാണ് ബിജെപി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
മന്ത്രിസഭയിലേക്ക് നിരവധി മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വിനയ് സഹസ്രബുദ്ധ, സത്യപാല്‍ സിങ്, ഹരീഷ് ദ്വിവേദി, പ്രഹ്ലാദ് ജോഷി, സുരേഷ് അഗടി, ശോഭ കരന്തലാജെ, പ്രഹ്ലാദ് ജാ, രാകേഷ്‌സിങ്, പ്രഹ്ലാദ് പട്ടേല്‍, അശ്വിനി ചൗബരി, മഹേഷ് ഗിരി എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടുമെന്നാണ് വിവരം. പ്രകാശ് ജാവേദ്കര്‍ പ്രതിരോധ മന്ത്രിയായേക്കുമെന്നും സൂചനയുണ്ട്. സുരേഷ് പ്രഭുവിന് പരിസ്ഥിതിയും നിതിന്‍ ഗഡ്കരിക്ക് റെയില്‍വെയുടെ അധിക ചുമതലയും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഉപരിതല ഗതാഗതം, തുറമുഖം, റെയില്‍വെ വകുപ്പുകളെ കൂട്ടിച്ചേര്‍ത്ത് ഗതാഗതവകുപ്പ് രൂപീകരിക്കണമെന്ന നിര്‍ദേശം ഇക്കുറി മോദി നടപ്പാക്കുമോ എന്നതും പുനഃസംഘടനയില്‍ ഉറ്റുനോക്കപ്പെടുന്നുണ്ട്.
ഭരണഘടന പ്രകാരം മന്ത്രിസഭയില്‍ 81 അംഗങ്ങള്‍ വരെ ആകാമെന്നാണ്. നിലവില്‍ മോദി മന്ത്രിസഭയില്‍ 73 പേരാണുള്ളത്.