ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് പരാതിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ നീരജിന് കേന്ദ്ര വിവരാവകാശ ഓഫീസര്‍ അനുമതി നല്‍കിയത്. നേരത്തെ വിവരാവകാശ കമ്മീഷന്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മൂന്നാം കക്ഷിയുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മറുപടി. ഇത് തള്ളിക്കൊണ്ടാണ് വിവരങ്ങള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന്‍ അനുമതി നല്‍കിയത്. 1978 ബാച്ചില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി നടത്തിയ ബിരുദ പരീക്ഷയില്‍ വിജയിച്ച ഓരോ വിദ്യാര്‍ത്ഥിയുടേയും റോള്‍ നമ്പര്‍, പേര്, പിതാവിന്റെ പേര്, പരീക്ഷയില്‍ നേടിയ മാര്‍ക്ക്, യൂണിവേഴ്‌സിറ്റി നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, യൂണിവേഴ്‌സിറ്റി രജിസ്റ്ററിലെ അനുബന്ധ വിവരങ്ങള്‍ എന്നിവ ശേഖരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചിരുന്ന ബി.എ ബിരുദം വ്യാജമാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണമാണ് വിവാദങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രധാനമന്ത്രി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥമാക്കിയതിന്റെ രേഖകള്‍ ബി.ജെ.പി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ ആധികാരിത തേടിയാണ് നീരജ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.