X

നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശം; വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമര്‍ശത്തെ വിമര്‍ശിച്ച് ലങ്കന്‍ മാധ്യമങ്ങള്‍. ഇതുവരെ ലങ്കന്‍ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തില്‍ കുറച്ചുകൂടി ശക്തമായി പ്രതികരിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.

കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്ലി മിറര്‍ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു. തമിഴ്‌നാട്ടില്‍ നിന്ന് കുറച്ച് വോട്ട് ലഭിക്കുന്നതിനായി വംശീയ വികാരങ്ങള്‍ ഊത്തിക്കത്തിക്കാന്‍ ജയശങ്കര്‍ ശ്രമിച്ചു എന്ന് എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.

ശ്രീലങ്കയ്ക്ക് കോണ്‍ഗ്രസ് എളുപ്പത്തില്‍ കച്ചത്തീവ് വിട്ടുനല്‍കി എന്ന മോദിയുടെ പരാമര്‍ശവും ഇത് ശരിവച്ചുകൊണ്ടുള്ള ഡോ. ജയശങ്കറിന്റെ വാര്‍ത്താസമ്മേളനവുമാണ് ഡെയ്ലി മിറര്‍ ചൂണ്ടിക്കാണിച്ചത്. ‘വിട്ടുനല്‍കാന്‍ കച്ചത്തീവ് ഇന്ത്യയുടേതായിരുന്നില്ല’ എന്ന തലക്കെട്ടിലായിരുന്നു എഡിറ്റോറിയല്‍.

വാണിജ്യ ദിനപത്രം ഫൈനാന്‍ഷ്യല്‍ ടൈംസ് ഈ പരാമര്‍ശത്തെ, ‘വസ്തുതകളുടെ വളച്ചൊടിക്കല്‍, ദക്ഷിണേന്ത്യന്‍ ദേശീയതയുടെ ‘ഡോഗ് വിസില്‍’, സൗഹൃദമുള്ള ഒരു അയല്‍ക്കാരന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപകടകരവും അനാവശ്യവുമായ പ്രകോപനം’ എന്നാണ് വിശേഷിപ്പിച്ചത്.

ശ്രീലങ്കയുടെ കീഴിലുള്ള പ്രദേശത്തിനു മേല്‍ ഇന്ത്യയുടെ ഉന്നതാധികാരത്തിലുള്ളവര്‍ നിരന്തരമായി നടത്തുന്ന പ്രകോപന പരാമര്‍ശങ്ങള്‍ കാരണം മറ്റെവിടെയെങ്കിലും സുരക്ഷ തേടേണ്ടിവരും എന്നും എഡിറ്റോറിയല്‍ പറയുന്നു.

webdesk13: