മസ്‌കറ്റ്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ലാത്തത് പലപ്പോഴും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസംഗിക്കാനെത്തിയ ഇടങ്ങളിലെല്ലാം ആളില്ലാ കസേരകളോട് മോദി സംസാരിക്കുന്നത് ദൃശ്യങ്ങളടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അവസ്ഥക്ക് സമാനമായ ഒരു വാര്‍ത്തയാണ് ഒമാന്‍ സന്ദര്‍ശനത്തില്‍ നിന്നും കേള്‍ക്കുന്നത്. ഒമാനില്‍ ഒഴിഞ്ഞ കസേരകളോട് മോദിക്ക് പ്രസംഗിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മസ്‌കറ്റിലെ ഏറ്റവും വലിയ സ്‌റ്റേഡിയമായ സുല്‍ത്താന്‍ ഖാബുസ് സ്‌റ്റേഡിയത്തിലായിരുന്നു മോദിയുടെ പൊതുപരിപാടി. മസ്‌കത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചിരുന്നത്. മുപ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന സദസ്സില്‍ പകുതിക്കും താഴെ മാത്രമായിരുന്നു ആളുകളുണ്ടായിരുന്നത്. വി.ഐ.പി, വിവിഐപി കസേരകളടക്കം സ്‌റ്റേഡിയത്തില്‍ ഒഴിഞ്ഞാണ് കിടന്നിരുന്നതും. ഇന്ത്യയില്‍ നിന്നുള്ള ഉത്തരേന്ത്യക്കാരായ ബി.ജെ.പി അനുഭാവികളൊഴിച്ചാല്‍ ഇന്ത്യക്കാര്‍ കൂടുതലായി എത്തിയില്ല. എന്നാല്‍ അതിനിടെ, മോദിക്കെതിരെ പ്ലക്കാര്‍ഡുകളേന്തിയ ചില പ്രതിഷേധങ്ങളും നടന്നു. അതേസമയം, കോണ്‍ഗ്രസ്, സി.പി.എം അനുഭാവികളാണ് ആളില്ലാത്തതിന് കാരണമെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. പാസ് വാങ്ങി മന:പൂര്‍വ്വം എത്താതിരിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം.