ബംഗളുരു: കോണ്‍ഗ്രസിന് കര്‍ണാടക വിടാന്‍ സമയമായെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണ് അവരെന്നും ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് പാലസ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്നും പലപ്പോഴും വന്‍ തുക അനുവദിച്ചിട്ടും വികസനമെന്നത് കാര്യക്ഷമമായി നടപ്പാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇപ്പോഴും ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി എത്തിയിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ച് ഭാരത് അഭിയാന്റെ കീഴില്‍ 34 ലക്ഷം ശുചിമുറികള്‍ സംസ്ഥാനത്ത് നിര്‍മ്മിച്ചതായും മോദി അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വാഗ്ദാനങ്ങള്‍ നല്‍കാനും മോദി മറന്നില്ല.
‘സബ്കാ സാത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ നയിക്കും. പാവങ്ങള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനവും മികച്ച റോഡുകളും പുതിയ മെട്രോ പാതകളും ട്രെയിനുകളും ഉറപ്പാക്കും.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും-മോദി പറഞ്ഞു. കര്‍ണാടകത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ജനങ്ങളിലേക്കെത്തിയില്ല. രാജ്യനന്മയെക്കാളും സ്വന്തം കാര്യങ്ങള്‍ക്കാണ് ചിലര്‍ പ്രാധാന്യം നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒന്നിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിച്ചുനോക്കൂ. ബിജെപി കര്‍ണാടകത്തിന് നല്‍കുന്ന പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ കര്‍ണാടക മോഡല്‍ ബദല്‍ വികസന മാതൃകയുമായി സംവാദത്തിന് സിദ്ധാ രാമയ്യ വെല്ലുവിളിച്ചു.
കര്‍ണാടകക്കാര്‍ അനുഭവിക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനും അല്‍പം സമയം കണ്ടെത്തണമെന്നും സിദ്ധാരാമയ്യ മോദിയോട് പറഞ്ഞു. ട്വിറ്ററില്‍ നമ്മകര്‍ണാടകഫസ്റ്റ് എന്ന ഹാഷ്ടാഗിലൂടെയാണ് സിദ്ധാരാമയ്യയുടെ അഭ്യര്‍ത്ഥന. എന്റെ ജനതക്കു വേണ്ടി ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനും താങ്കള്‍ അല്‍പം സമയം കണ്ടെത്തണം. മഹാദായി നദീജല തര്‍ക്കം പരിഹരിക്കുന്നതിന് സഹായിക്കണം- സിദ്ധാരാമയ്യ പറഞ്ഞു.
കുടിവെള്ള പ്രശ്‌നം ഉന്നയിച്ച് കര്‍ഷക, കന്നട സംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം തുടരുന്നതിനിടെയാണ് സിദ്ധാരാമയ്യയുടെ പരാമര്‍ശം.