ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാര്‍ലമെന്റിന്റെ മാന്യതക്കു ചേരാത്ത’ പ്രസംഗ ഭാഗങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. ചൊവ്വാഴ്ച
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പെര്‍സണായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ യില്‍ നിന്നുള്ള ഹരിവാന്‍ഷിനെ അഭിനന്ദിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. കോണ്‍ഗ്രസ്സില്‍ നിന്ന് ബി.കെ ഹരിപ്രസാദായിരുന്നു മത്സരിച്ചു തോറ്റത്.
ഹരിപ്രസാദിന്റെ പേരിലെ ഇനീഷ്യലില്‍ പിടിച്ചായിരുന്നു പ്രധാനമന്ത്രി തരം താണ പ്രയോഗങ്ങള്‍ നടത്തിയത്. രണ്ട് ‘ഹരിമാര്‍’ക്കിടയിലായിരുന്നു ഇവിടെ മത്സരം എന്നു പറഞ്ഞുതുടങ്ങിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹം പെട്ടെന്ന് വാക്കുകള്‍ മാറ്റാന്‍ ശ്രമിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന് ഹരിപ്രസാദിന് അഭിനന്ദിക്കുകയാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് രാജ്യസഭ നിയന്ത്രിച്ച വെങ്കയ്യ നായിഡു മോദിയുടെ പ്രസംഗ ഭാഗങ്ങള്‍ നീക്കാന്‍ സമ്മതിക്കുകയായിരുന്നു.
‘സഭക്കു ചേരാത്ത പദങ്ങളാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. അത് ഇന്ത്യന്‍ ജനാധിപത്യത്തിനു തന്നെ നാണക്കേടാണ്’ – കോണ്‍ഗ്രസ്സ് നേതാവ് ശശി തരൂര്‍ എം പി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാന്‍ മിടുക്കനാണ്. അദ്ദേഹം തന്നെ ആ കഴിവിനെ സ്വയം പ്രശംസിക്കാറുണ്ട്. പക്ഷേ സംസാരത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണം. അദ്ദേഹം പലപ്പോഴും എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുന്നു – ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വളരെ അപൂര്‍വ്വമായേ പ്രധാനമന്ത്രിയുടെ പ്രസംഗ ശകലങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍ നിന്ന് ഒഴിവാക്കാറുള്ളൂ. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. 2013 ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അരുണ്‍ ജയ്റ്റ്‌ലിയും തമ്മില്‍ നടന്ന സംവാദങ്ങളില്‍ ഇരുവരുടേയും പ്രസംഗങ്ങള്‍ പിന്നീട് പാര്‍ലമെന്റ് രേഖകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.