ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യതലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ ( മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍) പദവിയും ഇന്ത്യ റദ്ദാക്കി.
ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെതിരെ നയതന്ത്രം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കും. പാകിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടുത്തും. വിദേശകാര്യമന്ത്രാലയം ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറില്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
എം.എഫ്.എന്‍ പദവിയിലുള്ള രാഷ്ട്രത്തോട് ലോകവ്യാപാര സംഘടനാംഗമായ രണ്ടാമത്തെ രാഷ്ട്രം കസ്റ്റംസ് തീരുവകളും മറ്റും ചുമത്തുന്ന കാര്യങ്ങളില്‍ വിവേചനരഹിതമായ ഇടപെടല്‍ നടത്തണമെന്ന് വ്യവസ്ഥയുണ്ട്. പാകിസ്ഥാന് നല്‍കിയിരിക്കുന്ന എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിക്കുമ്പോള്‍ അത് പാക് വ്യവസായ മേഖലക്ക് വന്‍തിരിച്ചടി നല്‍കും. അനുഭാവപൂര്‍ണ്ണമായ വിലനിലവാരത്തോടെ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള അസംസ്‌കൃതവസ്തുക്കളുടെ ഒഴുക്ക് ഇതോടെ നിലക്കും.
2015-16 കാലയളവില്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 2.17ബില്ല്യണ്‍ ഡോളറായിരുന്നു എന്ന കണക്ക് അറിയുമ്പോള്‍ ഇന്ത്യയുടെ തീരുമാനം പാകിസ്ഥാന് എത്ര ഭീമമായ നഷ്ടം ഉണ്ടാക്കും എന്ന കാര്യം മനസിലാകും. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇതേകാലയളവില്‍ 441മില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ലോകവ്യാപാര സംഘടന നിബന്ധനകള്‍ അനുസരിച്ച് എം.എഫ്.എന്‍ പദവി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നത് ഇന്ത്യക്ക് ഗുണകരമായി.